
തിരുവനന്തപുരം: ദേശീയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബിവറേജസ് ഗോഡൗണുകൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി ജി.സ്പർജൻ കുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് ബെവ്കോ എംഡി പൊലീസിനും എക്സൈസിനും കത്ത് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യവിൽപന നിർത്തിവച്ച സാഹചര്യത്തിൽ ബെവ്കോ ഗോഡൗണുകളിലും പരിസരത്തും സുരക്ഷ കർശനമാക്കേണ്ടതുണ്ട്. പല ഗോഡൗണുകൾക്ക് പുറത്തുള്ള വാഹനങ്ങളിലും മദ്യവുമായി വന്ന വാഹനങ്ങൾ കിടപ്പുണ്ട്. ഈ വാഹനങ്ങളിൽ നിന്നും ലോഡുകൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്.
ഗോഡൗണുകളിൽ സ്ഥലമില്ലാത്തതിനാൽ മദ്യം ഇറക്കി വയ്ക്കാനും സാധിച്ചിട്ടില്ലെന്ന് ബെവ്കോ എംഡിയുടെ കത്തിൽ പറയുന്നു. മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ സ്ഥിരം മദ്യപാനികൾ പലരും കടുത്ത അസ്വസ്ഥത നേരിടുന്ന സാഹചര്യത്തിൽ ഗോഡൗണുകളിലും മദ്യവുമായി വന്ന വണ്ടികളിലും മോഷണം നടക്കാനുള്ള സാധ്യത എംഡി കത്തിലൂടെ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ ബെവ്കോ മദ്യവിൽപനശാലകളിൽ പൊലീസ് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കണമെന്നും എംഡി ആവശ്യപ്പെടുന്നു.
ബിവറേജസ് ഗോഡൗണുകളിലേക്ക് കൊണ്ടു വന്നിട്ടും ഇറക്കാൻ സാധിക്കാത്ത മദ്യം എത്രയും പെട്ടെന്ന് മദ്യകമ്പനികൾ തിരികെ കൊണ്ടു പോകണമെന്നും ബെവ്കോ എംഡി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിതരണക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ലോക്ക് ഡൗൺ തീരും വരെ കമ്പനികൾ സ്വന്തം ഗോഡൗണുകളിൽ മദ്യം സൂക്ഷിക്കണണെന്നും ബെവ്കോ എംഡി ആവശ്യപ്പെടുന്നു.
അതിനിടെ കൊല്ലം കുണ്ടറയിൽ യുവാവ് ആത്മഹ്യ ചെയ്തത് മദ്യംലഭിക്കാത്തതിനെ തുടർന്നാണെന്ന് സൂചന. കുണ്ടറ എസ്കെ ഭവനിൽ സുരേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ട് ദിവസമായി മദ്യം കിട്ടാത്തതിനെ തുടർന്ന് കടുത്ത മാനസിക വിഭ്രാന്തിയിലായിരുന്നു. ആലപ്പുഴയിൽ വഴിയോരത്ത് ഒരു വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും മദ്യക്ഷാമം തന്നെയാണ് വില്ലനായത് എന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam