
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്.എം.സി ഭാരവാഹികൾ എന്നിവർ ചേർന്ന് വിവിധ സംഘങ്ങളായി ഭവനസന്ദർശനം നടത്തി കലവൂർ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും രക്ഷിതാക്കളേയും ക്ഷണിച്ചുവരികയാണ്. സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആർട്ട് അക്കാദമിയുടേയും നേതൃത്വത്തിൽ കലവൂരിൽ സ്ട്രീറ്റ് ആർട്ട് എന്ന പരിപാടി സംഘടിപ്പിച്ച് സ്‌കൂൾ മതിലുകളും പരിസരവും സ്ട്രീറ്റ് ആർട്ടിലൂടെ മനോഹരമാക്കിയിട്ടുണ്ട്.
പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂവായിരം പേർക്ക് സദ്യയൊരുക്കുന്നതിനായി കലവൂരിലെ പൊതുജനങ്ങളിൽ നിന്നും കടകളിൽ നിന്നും വിഭവസമാഹരണം നടത്തിവരികയാണ്. വിഭവങ്ങൾ ശേഖരിക്കാൻ കലവൂർ സ്‌കൂളിൽ കലവറ തയ്യാറായിട്ടുണ്ട്. സ്റ്റേജ്, പന്തൽ പണികൾ പൂർത്തിയായി വരുന്നു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി മെയ് 31 ന് അയ്യായിരം പേർ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്യും.
എല്ലാ സ്‌കൂളുകളിലും പരിപാടി തൽസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, റീലുകൾ എന്നിവ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നൽകിയിട്ടുണ്ട്. രണ്ട് ബോർഡുകൾ ഓരോ സ്‌കൂളിലും വെക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകുകയും മിക്ക സ്‌കൂളുകളിലും പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് ഈ അധ്യയനവർഷത്തെ പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തിരിക്കുന്നത്. സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായതായും മന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്തും മന്ത്രി ഭദ്രാ ഹരിക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam