
കൊച്ചി: ചേരാനെല്ലൂർ വാഹനാപകടം മരിച്ച ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും അമ്മയും സഹോദരനും ചിറ്റൂരിൽ തട്ടുകട തുറന്നു. ഇന്ന് വൈകുന്നേരമാണ് തട്ടുകട തുറന്നത്. അച്ഛന്റെ കട നടത്തിയ അതേ സ്ഥലത്ത് തന്നെയാണ് മക്കളും കട തുറക്കുന്നത്. മകനും അമ്മ ബിന്ദുവും ചേർന്നു ആണ് കട തുറന്നത്. തട്ടുകട അടച്ച് വീട്ടിലേക്ക് വരും വഴിയാണ് ജയബാലകൃഷ്ണൻ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ തട്ടുകട.
അതേസമയം, ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി കോടതിയിലെത്തി കേസുകൾ പരിഗണിച്ചുതുടങ്ങി. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്. അപകടത്തിന് കാരണമായ വാഹനമോടിച്ച 17കാരന്റെ പിതാവാണ് ജഡ്ജി. കേസിൽ ജഡ്‌ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ജഡ്ജി കോടതിയിൽ ഹാജരാകുന്നുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് ജഡ്ജിക്ക് കേസുകളിൽ ഹാജരാകാൻ നോട്ടീസ് അയച്ചത്.
ചേരാനെല്ലൂര്‍ ബെൻസ് അപകടക്കേസിൽ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജയബാലകൃഷ്ണന്‍റെ മക്കളാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയത്, അഡീഷ്ണൽ സെഷൻസ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്നാണ് ഹര്‍ജിയിലെ വാദം. പതിനേഴുകാരന്‍റെ അച്ഛൻ ജുഡീഷ്യറിയുടെ ഭാഗമായതിനാൽ, അധികാരമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാൽ, പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam