തിരുവനന്തപുരം കഴക്കൂട്ടത്ത് ലഹരി സംഘം പൊലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചു കയറ്റി. അക്രമത്തിൽ നാല് പൊലീസുകാർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ പിടിയിലാകുകയും ചെയ്തു. ലഹരി മാഫിയക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി സംഘം പോലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി. സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാൾ ബൈക്കിൽ നിന്നും ചാടി രക്ഷപ്പെട്ടു. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിനാണ് പരിക്ക്. ഇയാളുടെ കൈ ഒടിഞ്ഞു തൂങ്ങി. ബൈക്കിന് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. ദീപു രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ പിടിയിൽ. ഇവരെല്ലാം ലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎയുമായി ഇവർ വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തി വരുന്നതിനിടെയാണ് സംശയകരമായി കണ്ട ഥാർ ജീപ്പ് തടഞ്ഞത്. തടഞ്ഞ പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചു കയറ്റുകയായിരുന്നു. ഇവരിൽ നിന്നും ലഹരിവസ്തുക്കളും കണ്ടെത്തി.
തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്, കാസർകോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ലഹരി മാഫിയയുടെ അക്രമത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. പൊലീസിൻ്റെ പ്രവർത്തനം തടസപ്പെടുമെന്ന് കരുതേണ്ടെന്നും കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തീക്കട്ടയിൽ ഉറുമ്പ് അരിക്കാൻ അനുവദിക്കില്ലെന്നും ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.








