
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. കേരളത്തില്‍ ഇതിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാൽ ഹർത്താൽ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവ്വീസുകൾ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.
ചില തൊഴിലാളി സംഘടനകൾ സെപ്തംബർ 27, തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തീരുമാനം. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി തന്നെ നേരത്തെ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നതും ജീവനക്കാരുടെ കുറവുമാണ് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ കാരണം.
സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ദില്ലിയില്‍ അതിര്‍ത്തികളില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam