
ന്യൂഡൽഹി: ഇന്ത്യയിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ പൂർണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി രാജ്യത്ത് സർക്കാരിന്റെ അനുമതികളോടെ റെഗുലേറ്റർമാരുമായും മറ്റ് ഓപ്പറേറ്റർമാരുമായും ചേർന്ന് പ്രവർത്തിച്ചും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയുമാണ് ഈ നിലയിലെത്തിയതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ ഇന്റർനെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനങ്ങളും ഗേറ്റ്വേകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് എക്സ് പോസ്റ്റിലൂടെ കമ്പനി അറിയിച്ചു.
ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വിപണിയിലെ മത്സരത്തെച്ചൊല്ലി ഇലോൺ മസ്കും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും തമ്മിൽ കടുത്ത വാക്പോരുകൾ നടക്കുന്നതിനിടയിലാണ് സ്റ്റാർലിങ്കിന്റെ പുതിയ പ്രഖ്യാപനം. വാണിജ്യ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട അനുമതികൾക്കായി വിവിധ കമ്പനികൾ കാത്തിരിക്കുന്നതിനിടയിലാണ് ഈ രംഗം ചൂടുപിടിക്കുന്നത്.
ഇന്ത്യൻ നിയമങ്ങളും റെഗുലേറ്ററി ചട്ടങ്ങളും എല്ലാ ഓപ്പറേറ്റർമാരും പാലിക്കണമെന്ന് വ്യക്തമാക്കി റിലയൻസ് രംഗത്തെത്തി. തങ്ങൾ ഒരിക്കലും മത്സരത്തെ ഭയപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിനുള്ള പരീക്ഷണമായാണ് അതിനെ കാണുന്നതെന്നും കമ്പനി വ്യക്തമാക്കി. 2016ൽ ടെലികോം വിപണിയിലേക്ക് പ്രവേശിച്ച ജിയോയ്ക്ക് നിലവിൽ 530 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്ന് റിലയൻസ് ചൂണ്ടിക്കാണിച്ചു. സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്തെ മത്സരത്തെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ആഭ്യന്തര-വിദേശ ഓപ്പറേറ്റർമാർ ഒരേ നിയമങ്ങൾ പാലിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഉത്ഭവസ്ഥാനം നോക്കാതെ എല്ലാ അപേക്ഷകർക്കും പൊതുവായ റെഗുലേറ്ററി പ്രക്രിയയാണ് ഇന്ത്യ ബാധകമാക്കുന്നത് എന്നും റിലയൻസ് വ്യക്തമാക്കി.
ഇലോൺ മസ്കിന്റെ വിമർശനങ്ങളും വിവാദങ്ങളും
ഇന്ത്യയിലെ ടെലികോം വിപണിയിൽ സ്റ്റാർലിങ്കിന്റെ വാണിജ്യപ്രവേശനത്തിന് തടസം നിൽക്കുന്നുവെന്ന് ആരോചിച്ച് ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. റിലയൻസിനെയും ചെയർമാൻ മുകേഷ് അംബാനിയെയും പരിഹസിച്ചുകൊണ്ട് മസ്ക് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാക്കൾക്ക് ഇന്ത്യയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുമെന്നും മസ്ക് വാദിക്കുന്നു.
സുരക്ഷാ അനുമതികൾ നിർബന്ധമെന്ന് കേന്ദ്രസർക്കാർ
അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാണെന്ന് സ്റ്റാർലിങ്ക് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയിൽ വാണിജ്യ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള പൂർണ്ണമായ അനുമതികൾ കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സ്റ്റാർലിങ്ക്, റിലയൻസ് ജിയോ, യൂടൽസാറ്റ് വൺവെബ് എന്നീ മൂന്ന് ഓപ്പറേറ്റർമാർക്കും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലൈസൻസുകൾ ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ റെഗുലേറ്ററി നടപടികൾ പൂർത്തിയാക്കാനുണ്ടെന്ന് കേന്ദ്ര ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള കുത്തകാവകാശം അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്പെക്ട്രം വിലനിർണ്ണയ ചട്ടങ്ങളും സുരക്ഷാ ആവശ്യകതകളും പൂർത്തിയാക്കിയ ശേഷം മാത്രമേ കമ്പനികൾക്ക് വാണിജ്യ സേവനങ്ങൾ ആരംഭിക്കാൻ സാധിക്കൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam