
ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും മികവ് തുടർന്ന് ബിജെപി. ലോക്സഭയിൽ സുരേഷ് ഗോപിയിലൂടെ ആദ്യ വിജയം നേടിയതിന് പിന്നാലെ കേരളത്തിലെ ഒരു കോപ്പറേഷനും രണ്ട് നഗരസഭയും പിടിക്കാൻ ബിജെപിക്ക് കഴിഞ്ഞു. വിജയം എന്നതിൽ ഉപരി കൂടുതല്‍ സ്ഥലങ്ങളിലേക്ക് മത്സരം വ്യാപിപ്പിക്കാനും യുഡിഎഫിനും എല്‍ഡിഎഫിനും കാര്യങ്ങൾ കടുപ്പമാക്കാനും ബിജെപിക്ക് ഇത്തവണ കഴിഞ്ഞു എന്നുള്ളതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. കേരളം പിടിക്കാൻ കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം ബിജെപി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും താമരയ്ക്ക് വോട്ട് കുറയുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്. എന്നാല്‍, തലസ്ഥാനത്തെ കോര്‍പറേഷൻ ഭരണം പിടിച്ചതിലൂടെ ബിജെപി കൂടുതല്‍ ശക്തിയാര്‍ജിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.
തിരുവനന്തപുരത്ത് വിരിഞ്ഞ താമര
കേരളത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ യുഡിഎഫിന് അനുകൂലമായി വീശിയ രാഷ്ട്രീയക്കാറ്റ് തിരുവനന്തപുരത്ത് പക്ഷേ ബിജെപിയോട് ചേർന്നാണ് വീശിയത്. കഴിഞ്ഞ അഞ്ച് തവണയായി കേവല ഭൂരിപക്ഷത്തോടെ ഭരിക്കുകയും മൂന്ന് പതിറ്റാണ്ടിലേറെയായി കോർപ്പറേഷനിൽ ആധിപത്യം പുലർത്തുകയും ചെയ്ത സിപിഎം 29 സീറ്റുകളിലേക്ക് ഒതുക്കി 50 സീറ്റുകകൾ നേടിയെടുക്കാൻ ബിജെപിക്ക് കഴിഞ്ഞു. 2020ൽ ബിജെപിയുടെ വളർച്ച തടയാൻ മതേതര ചിന്താഗതിയുള്ള വോട്ടർമാർക്ക് കഴിഞ്ഞിരുന്നു.
ബിജെപി വിജയം നേടാൻ സാധ്യതയുള്ള പുന്നക്കരി, പട്ടം, വട്ടിയൂർക്കാവ് തുടങ്ങിയ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും വോട്ടുകൾ യുഡിഎഫിൽ നിന്ന് സിപിഎമ്മിലേക്ക് ഒഴുകിയെത്തി. ആറ്റുകാൽ, കമലേശ്വരം പോലുള്ള ബിജെപി കോട്ടകളിൽ പോലും പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ എല്‍ഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചു. അതുകൊണ്ട് തന്നെ സിപിഎമ്മിന് 2015നേക്കാൾ മികച്ച വിജയമാണ് 2020ല്‍ ലഭിച്ചത്. എന്നാൽ, ഇത്തവണ ബിജെപിയെ തടഞ്ഞു നിർത്തേണ്ട ആവശ്യമില്ലെന്ന് വോട്ടർമാർ ചിന്തിച്ചു എന്നാണ് ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
കാലഹരണപ്പെട്ട സ്ഥിരം തെരഞ്ഞെടുപ്പ് ഫോര്‍മുലകളാണ് ബിജെപി ആദ്യം തന്നെ ഒഴിവാക്കിയത്. പ്രചാരണം പൂർണ്ണമായും വികസനത്തിൽ കേന്ദ്രീകരിച്ചു. 'വികസിത കേരളം' എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പ്രധാനമായും നഗരപ്രദേശങ്ങളിലെ വോട്ടർമാരുമായി സംസ്ഥാന പ്രസിഡന്‍റ് നേരിട്ട് 'വികസിത ചർച്ചകൾ' നടത്തി.
ബിജെപിയുടെ തിരുവനന്തപുരത്തിനുള്ള രണ്ട് വാഗ്ദനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൗൺസിൽ സത്യപ്രതിജ്ഞ ചെയ്ത് 45 ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപ്പറേഷന്‍റെ വികസന ബ്ലൂപ്രിന്‍റ് പ്രകാശനം ചെയ്യും എന്നുള്ളതായിരുന്നു അതിലൊന്ന്. കൂടാതെ കോർപ്പറേഷന്‍റെ സേവനങ്ങൾ ആദ്യമായി വീട്ടുവാതിൽക്കൽ എത്തിക്കുമെന്നും ബിജെപി കൗൺസിൽ ഏറ്റെടുക്കുന്ന ആദ്യ ജോലി ഇതായിരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷൻ ഉറപ്പിച്ചു പറഞ്ഞു.
ബിജെപിയുടെ വാഗ്ദാനങ്ങൾ സത്യസന്ധമാണെന്ന് വോട്ടർമാർക്ക് തോന്നാൻ കാരണം പാർട്ടിയുടെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രചാരം കൂടിയായിരുന്നു. ആദ്യമായിട്ടാണ് വോട്ടർമാർക്ക് ക്യൂ ആർ കോഡ് പതിച്ച വോട്ടർ സ്ലിപ്പുകൾ നൽകിയത്. ഇതിൽ രണ്ട് ക്യൂ ആർ കോഡുകൾ ഉണ്ടായിരുന്നു. ഒന്ന് രാജീവ് ചന്ദ്രശേഖറിന്‍റെ സന്ദേശത്തിലേക്കും മറ്റൊന്ന് വോട്ടർ ബൂത്തിലേക്കുള്ള വഴി കാണിക്കുന്ന ഗൂഗിൾ മാപ്പ്സും. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാഗ്ദാനങ്ങളെ ജനങ്ങളുടെ വിശ്വാസ്യത കൂട്ടിയെന്നും ഫലം വ്യക്തമാക്കുന്നു.
വളരുന്ന ബിജെപി
തിരുവനന്തപുരം കോര്‍പറേഷനെ കൂടാതെ പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളിലും ബിജെപിക്ക് നേട്ടം കൊയ്യാൻ കഴിഞ്ഞു. 53 വാർഡുകളുള്ള തൃപ്പൂണിത്തുറ നഗരസഭയിൽ ഒരു സീറ്റിന്‍റെ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. 21 സീറ്റുകൾ നേടിയ ബിജെപി, ഭരണകക്ഷിയായ എൽഡിഎഫിനെ 20 സീറ്റുകളുമായി രണ്ടാമതാക്കി. അതേസമയം യുഡിഎഫ് 12 സീറ്റുകൾ നേടി തങ്ങളുടെ നില മെച്ചപ്പെടുത്തി.
പാലക്കാട് നഗരസഭയില്ലും ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും ഭരണം തുലാസിലാണെന്ന് മാത്രം. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോര്‍ത്താല്‍ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തികയില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പാലക്കാട് നഗരസഭയില്‍ ബിജെപി ഹാട്രിക് അടിക്കും. 53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളിലും യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് 8 വാര്‍ഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതില്‍ 2 പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്. കേരളത്തില്‍ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2015ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 15 സീറ്റുകള്‍ നേടിയപ്പോള്‍ 2020ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളാണ് സ്വന്തമാക്കിയത്.
2020ൽ ആകെ 12 പഞ്ചായത്തുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇത്തവണ അത് 26 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിനും ഇക്കുറിയും അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് സാധിച്ചില്ല. ഭരിച്ചിരുന്ന പന്തളം നഗരസഭ ഇക്കുറി നഷ്ടമായതും പാര്‍ട്ടിക്ക് ക്ഷീണമാണ്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിനും തിരുവനന്തപുരം കോർപ്പറേഷനും നൽകുന്ന ആത്മവിസ്വാസത്തിലാകും ഇനി നിയമസഭ തെരഞ്ഞെടുപ്പിനായി ബിജെപി ഒരുങ്ങുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam