
തിരുവനന്തപുരം: വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്ന് ഗവർണർ പറഞ്ഞു. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ല. വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് ഗവർണര്‍ സുപ്രീംകോടതിക്കെതിരെ സംസാരരിച്ചത്.
ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല. അത്തരം സംഭവങ്ങൾ ഈയിടെ ഉണ്ടായി. നിയമനിർമ്മാണ സഭകളെ ബഹുമാനിക്കണം. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് കോടതികൾക്ക് എങ്ങനെ വരുന്നു എന്നാണ് പ്രശ്നം. എന്തിനാണ് സേർച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാൻസലർക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വിസി നിയമന തർക്കത്തിൽ കർശന ഇടപെടലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയത്. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചു. വിസി നിയമനത്തിൽ സമയവായത്തിൽ എത്തിയില്ല എന്ന് നേരത്തെ ഗവർണർ രാജേന്ദ്ര അർലേക്കറും കേരള സർക്കാരും കോടതിയെ അറിയിച്ചിരുന്നു. വിസിമാരായി ആരെ നിയമിക്കണമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് നേരത്തെ കത്ത് നൽകിയിരുന്നുവെന്ന് കേരളത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അതിന്‍റെ പകർപ്പ് കോടതിയിൽ ഹാജരാക്കാമെന്നും പറഞ്ഞു. കാണേണ്ടതില്ല എന്നായിരുന്നു കോടതിയുടെ മറുപടി.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. സിസ തോമസ് വിസിയായിരുന്നപ്പോൾ സർവകലാശാലയിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചു. സാങ്കേതിക സർവകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam