
കായംകുളം: പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികളായി കഴിഞ്ഞിരുന്ന ബീഹാർ സ്വദേശി റൂഹിയും മക്കളും തിരികെ നാട്ടിലേക്ക് മടങ്ങി. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള എക്സ്പ്രസ്സിൽ ഗാന്ധിഭവൻ സേവന പ്രവർത്തകയ്ക്കും, പൊലീസ് ഉദ്യോഗസ്ഥർക്കും ഒപ്പമാണ് യാത്രതിരിച്ചത്. ബീഹാർ സ്വദേശിനിയായ റൂഹി ഇൻസ്റ്റാഗ്രാം മുഖേന ബിലാൽ എന്ന യുവാവുമായി പ്രണയത്തിലാവുകയും തന്‍റെ മൂത്ത മകനായ പൃഥ്വിരാജിനെയും കൂട്ടി ഡൽഹിയിൽ ബിലാലിന്‍റെ അടുത്തേക്ക് എത്തുകയുമായിരുന്നു. അവിടെ വെച്ച് റൂഹി ഗർഭിണിയായി. ഈ സമയം ബിലാൽ ജോലി അന്വേഷിച്ച് കേരളത്തിൽ പോവുകയും ജോലി ലഭിച്ചപ്പോൾ റൂഹിയൂം മകനും കേരളത്തിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു.
ബിലാലിന്‍റെ നിര്‍ദേശപ്രകാരം കേരളത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ റൂഹിയെ സ്വീകരിക്കാൻ ആരും വന്നിരുന്നില്ല. തുടർന്ന് റെയിൽവേ പൊലീസ് ബിലാലിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും റൂഹിയുമായി ഒരുമിച്ച് കഴിഞ്ഞു പോകാൻ താല്പര്യം ഇല്ലെന്ന് ബിലാൽ പറയുകയായിരുന്നു. പിന്നാലെ 8 മാസം ഗർഭിണിയായ റൂഹിയും മകനായ പൃഥ്വിരാജും ഗാന്ധിഭവനിൽ എത്തിച്ചേര്‍ന്നു. നവംബർ മാസം റൂഹി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഈ വിവരങ്ങൾ ഒക്കെ റൂഹിയുടെ ബന്ധുക്കളോടും ഭർത്താവിനോടും അറിയിച്ചുവെങ്കിലും ആരും റൂഹിയെയും കുഞ്ഞിനെയും കാണുവാനോ സ്വീകരിക്കുവാനോ എത്തിയില്ല. കുഞ്ഞിന്‍റെ നൂലുകെട്ട് ചടങ്ങും പേരിടയിൽ ചടങ്ങും ഗാന്ധിഭവനിൽ വളരെ ആഘോഷമായി നടത്തി.
കുഞ്ഞിന് പുനലൂർ സോമരാജൻ റോഹൻ എന്ന പേരിട്ടു. സ്വന്തം നാടും വീടും എല്ലാം വിട്ട് അന്യദേശത്ത് കഴിയുന്നതിൽ റൂഹി അസ്വസ്ഥയായിരുന്നു. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ റൂഹി താൻ ആഗ്രഹിച്ച പോലെ നാട്ടിലേക്ക് മക്കളുമൊത്ത് മടങ്ങുകയാണ്. ഡൽഹിയിലെ വൈഡബ്ല്യൂസിഎ എന്ന ഷെൽട്ടർ ഹോമിലേക്കാണ് റൂഹിയും മക്കളും പോകുന്നത്. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്‍റെ നേതൃത്വത്തിലുള്ള ഇടപെടലിലാണ് വനിതാ ശിശു വികസന വകുപ്പും ജില്ലാ ഭരണകൂടവും യാത്രയ്ക്ക് വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. കായംകുളം റെയിൽവേ സ്റ്റേഷനിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉള്‍പ്പെടെയുള്ളവര്‍ റൂഹിയേയും മക്കളേയും യാത്രയാക്കാന്‍ എത്തിയിരുന്നു.