
കോഴിക്കോട്: ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ച് തെറിപ്പിച്ച സ്വകാര്യ ബസ് നിര്‍ത്താതെ കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് - വടകര ദേശീയപാതയിൽ ചോറോട് പുഞ്ചിരി മില്ലിന് സമീപത്ത് ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. വടകര കരിമ്പനപ്പാലം സ്വദേശി ആകാശിനെയാണ് കണ്ണൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ടാലൻ്റ് ബസ് തട്ടിത്തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണാണ് ആകാശിന് പരിക്കേറ്റത്. ഇയാള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രക്കാരാണ് ആകാശിനെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ സ്വകാര്യ ബസിനെ വടകര പുതിയ സ്റ്റാന്റില്‍ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇവർ ബസിന് മേൽ കൊടികൾ കെട്ടി. വിവരമറിഞ്ഞ് വടകര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രംഗം ശാന്തമാക്കി.