
ആലപ്പുഴ: ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതകക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്തു. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. അവശേഷിച്ച അവശിഷ്ടങ്ങൾ പലയിടങ്ങളിളായി സംസ്കരിച്ചുവെന്നും സെബാസ്റ്റ്യന്‍ പൊലീസിനോട് വെളിപ്പെടുത്തി. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ പ്രതി സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റം സമ്മതം നടത്തിയതായിരുന്നു. ജൈനമ്മ കൊലപാതകക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴായിരുന്നു സെബാസ്റ്റ്യന്‍റെ വെളിപ്പെടുത്തൽ. ചേർത്തല സ്വദേശി ബിന്ദു പത്മനാഭനെയും താൻ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതമൊഴിയിൽ പറയുന്നത്. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് ക്രൈംബ്രാഞ്ച് സി ഐ ഹേമന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. കൊന്ന് പള്ളിപ്പുറത്തെ വീട്ടു പരിസരത്ത് കുഴിച്ചിട്ടു. ശേഷം കത്തിച്ച് ചാരമാക്കിയെന്നും ഹേമന്ത് കുമാർ കൂട്ടിച്ചേര്‍ത്തു.
കസ്റ്റഡി കാലാവധിക്കുള്ളിൽ പരാമാവധി തെളിവ് ശേഖരണമാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം. കാണാതായ 2006 ൽ തന്നെ ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ടതായാണ് അന്വേഷണ സംഘം പറയുന്നത്. മൃതദേഹം ഉൾപ്പടെ കണ്ടെത്താനുണ്ട്. 19 വർഷം മുൻപ് നടന്ന കൊലപാതകമായതിനാൽ തെളിവ് ശേഖരണം അന്വേഷണ സംഘത്തിന് അത്ര എളുപ്പമാകില്ല. കേസിന്റെ കാലപ്പഴക്കവും ചോദ്യം ചെയ്യലിനോടുള്ള സെബാസ്റ്റ്യന്‍റെ നിസ്സഹകരണവും അന്വേഷണ സംഘത്തിന് വെല്ലുവിളിയാകും. ബിന്ദു പത്മനാഭൻ എവിടെ വെച്ച് എപ്പോൾ എങ്ങനെ എന്തിന് കൊല്ലപ്പെട്ടു എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam