ബിനീഷ് കോടിയേരിക്കെതിരായ ഇഡി കേസ്; മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് ചോദ്യം ചെയ്യലിന് ഹാജരായി

By Web TeamFirst Published Nov 16, 2020, 10:09 PM IST
Highlights

വൈകീട്ടോടെ ഇ‍ഡി സോണൽ ആസ്ഥാനത്തെത്തിയ റഷീദിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ നോട്ടീസ് നൽകിയിട്ടും ഇയാൾ ഹാജരായിരുന്നില്ല. 

ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. വൈകീട്ടോടെ ഇ‍ഡി സോണൽ ആസ്ഥാനത്തെത്തിയ റഷീദിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ നോട്ടീസ് നൽകിയിട്ടും ഇയാൾ ഹാജരായിരുന്നില്ല. അനൂപ് ബംഗളുരുവിൽ തുടങ്ങിയ ഹയാത് ഹോട്ടലിൽ പങ്കാളിയായിരുന്നു റഷീദ്.

കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവ‍ർ അന്വേഷണത്തോട് സഹകരിക്കാതെ ഒഴിഞ്ഞുമാറുന്നുവെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റ് രം​ഗത്തെത്തിയിരുന്നു. ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി റിപ്പോർട്ടില്‍ പറയുന്ന വ്യാപാരി അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനൂപിന്‍റെ വ്യാപാര പങ്കാളിയായ റഷീദ് എന്നിവർക്ക് ഹാജരാകാന്‍ നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും രണ്ടുപേരും ഹാജരായിരുന്നില്ല. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ അരുൺ എസ് 10 ദിവസത്തേക്ക് ഹാജരാകാനൊക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ഇഡിയെ അറിയിച്ചത്. ഇവരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി നേരത്തെതന്നെ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും, ബുധനാഴ്ച ഹാജരാകാന്‍ ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അബ്ദുല്‍ ലത്തീഫ് പറയുന്നു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയതാണെന്നും താന്‍ ഒളിവിലാണെന്ന പ്രചാരണം ശരിയല്ലെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

click me!