
കോഴിക്കോട്: ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാം സ്ഥിതി ചെയ്യുന്ന കൊടിയത്തൂര്‍ പഞ്ചായത്തില്‍ കോഴിയടക്കം എല്ലാതരം പക്ഷികളുടേയും വില്‍പനയും ഇറച്ചി വ്യാപാരവും നിരോധിച്ച് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിറക്കി.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ ചിക്കന്‍ സ്റ്റാളുകളും ഫാമുകളും അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഇതോടൊപ്പം അലങ്കാരപക്ഷികളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പക്ഷിവിഭവങ്ങളൊന്നും (കോഴി,കാട,താറാവ്) വില്‍ക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്.
രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ പക്ഷികളെയും നശിപ്പിക്കണമെന്നും മന്ത്രി. പക്ഷികളെ നശിപ്പിക്കാനായി സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്ക്വാഡിൽ ഉള്ളവർ മുൻകരുതലുകൾ സ്വീകരിച്ചശേഷം നാളെ രാവിലെ മുതൽ നശീകരണ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള ഫാമുകൾ ഉൾപ്പെടെ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യരിലേക്ക് പകരുമെന്ന കാര്യത്തിൽ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ രാജു പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam