കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് ഉപയോഗിച്ച കാറിന്റെ ഉടമ മലപ്പുറം സ്വദേശിയുടേത്. മലപ്പുറം ജില്ലയിലെ എആർ നഗർ സ്വദേശിയായ ഉസ്മാൻ കാരാടന്റെ പേരിലുള്ളതാണ് കാർ. ഇയാൾ പുണെയിൽ ബിസിനസുകാരനാണ്. 

മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ വാഹനം എംബസി വിഭാഗത്തിലുള്ളതെന്നാണ് രേഖപ്പെടുത്തിയത്. വാഹനം രജിസ്റ്റർ ചെയ്തത് മഹാരാഷ്ട്രയിലെ പുണെക്കടുത്ത് നാലിയിലാണ്. ഉടമയുടെ നമ്പറായി നൽകിയത് ഏജൻറിന്റെ നമ്പറാണെന്നും വ്യക്തമായി.

വാഹനം ഒഎൽഎക്സിലൂടെ പരസ്യം ചെയ്ത് വിറ്റതാണെന്ന് ഉസ്മാൻ കാരാടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സന്ദീപ് നായരെ നേരിട്ടറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഇനി പിടിയിലാകാനുള്ള ഫാസിൽ ഫരീദ് തൃശൂർ സ്വദേശിയാണ്. കസ്റ്റംസ് കസ്റ്റഡിയിലായിരിക്കെ ഇന്ന് റിമാന്റിലായ പ്രതി റമീസ് മുൻപും സ്വർണ്ണം കടത്തിയെന്ന് കണ്ടെത്തി. കരിപ്പൂർ വിമാനത്താവളം വഴി 17 കിലോ സ്വർണ്ണം കടത്താനാണ് ഇയാൾ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഈ നീക്കം പരാജയപ്പെടുത്തിയിരുന്നു. 2015 ലാണ് ഈ സംഭവം. അയൽവാസിയുടെ പേരിൽ എയർ കാർഗോ വഴിയാണ് സ്വർണ്ണം കരിപ്പൂരിലേക്ക് എത്തിച്ചത്.