
ദില്ലി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി പാർട്ടി ചുമതലകൾ ഏറ്റെടുത്ത എല്ലാ ഭാരവാഹികളെയും അഭിനന്ദിക്കുന്നതായി മോദി എക്സിൽ കുറിച്ചു. സംഘടനാ മികവും അനുഭവ പരിചയവും ഊർജ്ജസ്വലതയും ജനകീയ അടിത്തറയുമുള്ള മികച്ചൊരു നിരയാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി തൻ്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുജന സേവനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പുതിയ ഭാരവാഹികൾക്ക് സാധിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ഈ പുതിയ നേതൃനിര തികഞ്ഞ സമർപ്പണത്തോടെ നേതൃത്വം നൽകുമെന്നും അദ്ദേഹം തൻ്റെ ആശംസാ കുറിപ്പിൽ കൂട്ടിച്ചേർത്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ആശംസകൾ നേർന്നു. പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിൽ അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഈ നിര സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഓരോ അംഗവും രാഷ്ട്രനിർമ്മാണത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികളിൽ കേരളത്തിൽ നിന്ന് കെ സുരേന്ദ്രനാണ് ഇടംപിടിച്ച പുതിയ മുഖം. സുരേന്ദ്രന് ദേശീയ സെക്രട്ടറി സ്ഥാനമാണ് ലഭിച്ചത്. അനിൽ ആൻ്റണി ദേശീയ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയാകും. രാം മാധവ്, താരിഖ് മൻസൂർ എന്നിവർ ഉപാധ്യക്ഷന്മാരുടെ പട്ടികയിലുണ്ട്. അതേസമയം ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി എൽ സന്തോഷ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. ഹേമന്ത് ജോഷിയാണ് യുവമോർച്ച അധ്യക്ഷൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam