BJP : പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പ്: ലഭിച്ചത് ആറ് വോട്ട് മാത്രം; വോട്ട് ചെയ്തവരെ തേടി ബിജെപി

By Web TeamFirst Published Dec 9, 2021, 11:06 AM IST
Highlights

ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് അവകാശവാദമുന്നയിച്ചാണ് ബിജെപി മത്സരിച്ചത്. ഒറ്റ സീറ്റിന്റെ ബലത്തിലാണ് നഗരസഭ എല്‍ഡിഎഫ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു.
 

പിറവം: നഗരസഭയില്‍ (Piravom Municipality) നടന്ന ഉപതെരഞ്ഞെടുപ്പില്‍ (Bye election) ബിജെപിക്ക് (BJP) ലഭിച്ചത് ആറ് വോട്ടുകള്‍ മാത്രം. 14ാം ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ദയനീയ പ്രകടനത്തോടെ ബിജെപി ഏറ്റവും പിന്നില്‍ പോയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. 2015ല്‍ 30 വോട്ട് കിട്ടി. ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് അവകാശവാദമുന്നയിച്ചാണ് ബിജെപി മത്സരിച്ചത്. ഒറ്റ സീറ്റിന്റെ ബലത്തിലാണ് നഗരസഭ എല്‍ഡിഎഫ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. ബിജെപി മധ്യമേഖലാ ഉപാധ്യക്ഷന്‍ എംഎന്‍ മധുവിന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണവും ബിജെപി നടത്തി. പിസി വിനോദാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്.

ബിജെപിക്ക് വോട്ട് ചെയ്ത ആറുപേര്‍ക്കായുള്ള അന്വേഷണവും പാര്‍ട്ടി തുടങ്ങി. ഇത്തവണ ലഭിച്ച ആറ് വോട്ടുകള്‍ ഡിവിഷനില്‍ പാര്‍ട്ടിക്കിടയില്‍ വലിയ ചര്‍ച്ചയായി. യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനെയും ബിജെപി സ്ഥാനാര്‍ഥി പി സി വിനോദിനെയും പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹറാണ് വിജയിച്ചത്. ജയത്തോടെ നഗരസഭാ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായി. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. 27 ഡിവിഷനുളള നഗരസഭയില്‍ എല്‍ഡിഎഫ് 14, യുഡിഎഫ് 13 എന്നിങ്ങനെയാണ് കക്ഷി നില.
 

click me!