കഴക്കൂട്ടത്തും താമര വിരിഞ്ഞു; കടകംപള്ളിയെ മലർത്തിയടിച്ച് വി മുരളീധരൻ

Published : May 04, 2026, 04:02 PM IST
v muraleedharan

Synopsis

265 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥിയായ വി മുരളീധരന്‍ വിജയിച്ചത്.

തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. 265 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. മണ്ഡലത്തിലെ പ്രധാന മത്സരാർത്ഥിയായിരുന്നത് എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനാണ്. അവസാനഘട്ടം വരെയും മുന്നിൽ നിന്ന കടകംപള്ളിയെ പിന്നിലാക്കി മുരളീധരന്റെ ലീഡ് ഉയരുകയായിരുന്നു. കടകംപള്ളി 44164 വോട്ട് നേടിയപ്പോൾ കോൺ​ഗ്രസ് സ്ഥാനാർത്ഥി അഡ്വ. ശരത്ചന്ദ്ര പ്രസാദ് 34204 വോട്ടും നേടി.

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം. എൽഡിഎഫും എൻഡിഎയും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് പ്രചാരണവേളയില്‍ കാണാൻ കഴിഞ്ഞത്. 2016 മുതല്‍ തുടര്‍ച്ചയായി രണ്ടുവട്ടം കഴക്കൂട്ടത്ത് മത്സരിച്ച് വിജയിച്ച് എംഎൽഎയായ കടകംപള്ളി സുരേന്ദ്രനെ തന്നെ ഇക്കുറിയും മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് എടുത്ത തീരുമാനം പാളുമോ എന്ന ചര്‍ച്ചകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായിരുന്നു. ഒന്നാം പിണറായി സ‌‍‌‌ർക്കാരിൽ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങളായിരുന്നു ഇതിന് കാരണം.

 ശബരിമല സ്വര്‍ണക്കൊള്ള വലിയ ചര്‍ച്ചാവിഷയമായ തെരഞ്ഞെടുപ്പാണിത്. എന്നാല്‍, ഇതൊന്നും തിരിച്ചടി ആവില്ലെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോവുകയായിരുന്നു എല്‍ഡിഎഫ് ക്യാംപ്. മുൻ കേന്ദ്രമന്ത്രി വി മുരളീധരനെ ഒരിടവേളയ്ക്ക് ശേഷം കഴക്കൂട്ടത്ത് മത്സരിക്കാന്‍ നിയോഗിച്ച എന്‍ഡിഎ അവര്‍ക്ക് ഉറച്ച സീറ്റുകളിലൊന്നായാണ് കഴക്കൂട്ടത്തെ കണക്കാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ശരത്ചന്ദ്രപ്രസാദ് കൂടി എത്തിയതോടെ ശരിയായ ത്രികോണ പോരിന്‍റെ ചൂട് കഴക്കൂട്ടത്ത് ഉയരുകയായിരുന്നു.

2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 23,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വീണ്ടും മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രൻ വിജയിച്ചത്. മറ്റ് മണ്ഡലങ്ങളെ ഒഴിച്ച് ബിജെപിക്ക് ശക്തമായ വളർച്ചയുള്ള മണ്ഡലമാണ് കഴക്കൂട്ടം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും രണ്ടാം സ്ഥാനമായിരുന്നു ബിജെപിക്ക് കഴക്കൂട്ടത്തുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റ്യാടിയിൽ അട്ടിമറി; ജയിച്ചുകയറി പാറക്കൽ അബ്‍ദുല്ല
പട്ടാമ്പിയില്‍ ഹാട്രിക് അടിച്ച് മുഹ്സിന്‍; ടി പി ഷാജിയെ തോല്‍പ്പിച്ചത് 9442 വോട്ടുകളുടെ ഭൂരിപക്ഷത്തിന്