കൊച്ചി: സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയുണ്ടാക്കാൻ സംസ്ഥാന ബിജെപിയിൽ തീവ്ര നീക്കങ്ങൾ തുടരുന്നു. അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. ബിജെപി സംസ്ഥാന സമിതി യോഗം കൊച്ചിയിൽ തുടരുകയാണ്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മൽസരിപ്പിക്കണമെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പ്രസിഡൻറ് കെ.ശ്രീകാന്തടക്കം മൂന്നു പേരാണ് മഞ്ചേശ്വരത്തെ പട്ടികയിൽ. മഞ്ചേശ്വരത്ത് കോൺഗ്രസ് നേതാവ് സുബ്ബയ്യറായിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും സജീവമാണ്.
എറണാകുളത്തും മൂന്നംഗ പട്ടിക തയാറായിട്ടുണ്ട്. എന്നാൽ കോന്നിയിലെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായിട്ടില്ല. കോന്നിയിൽ കെ.സുരേന്ദ്രനോ, ശോഭാ സുരേന്ദ്രനോ വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം. പക്ഷേ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വത്തിൽ സമ്മതം മൂളിയിട്ടില്ല. ശോഭ സുരേന്ദ്രനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അരൂരിൽ ബിഡിജെഎസ് മത്സരരംഗത്ത് നിന്ന് പിൻമാറുന്നു എന്ന് അറിയിച്ചതോടെ അരൂരിലേക്ക് പകരം സ്ഥാനാർത്ഥിയെ ബിജെപി തന്നെ രംഗത്തിറക്കണോ എന്ന കാര്യത്തിലും ചർച്ചകൾ ഉണ്ടാവും. അരൂരിൽ മൽസരിക്കില്ലെന്ന് ബിഡിജെഎസ് പറഞ്ഞിട്ടുണ്ടെങ്കിലും അവസാന നിമിഷം സീറ്റ് ബിഡിജെഎസ് ഏറ്റെടുക്കുമെന്നാണ് ബിജെപി പ്രതീക്ഷ. കേന്ദ്രം വാഗ്‍ദാനം ചെയ്ത സ്ഥാനമാനങ്ങൾ കിട്ടിയില്ല എന്നത് മാത്രമല്ല, താൻ ജയിലിലായപ്പോൾ സംസ്ഥാന ബിജെപി നേതൃത്വം കാണിച്ച തണുപ്പൻ സമീപനത്തിലും തുഷാർ വെള്ളാപ്പള്ളി കടുത്ത അതൃപ്തിയിലാണ്.
കൊച്ചിയിൽ ചേരുന്ന പാർട്ടി കോർ കമ്മിറ്റി, ഭാരവാഹി യോഗങ്ങൾക്കൊടുവിൽ നാലു മണ്ഡലങ്ങളിലേക്കും പരിഗണിക്കേണ്ട മൂന്നു പേരടങ്ങുന്ന സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറാനാണ് ശ്രമം. കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam