
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാറാണ് പരാതി നൽകിയത്. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർക്കെതിരെയായിരുന്നു പോസ്റ്റർ.
വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് ബിജെപിയിലെ കുറുവ സംഘം എന്നെഴുതിയ പോസ്റ്റർ ആയിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ രണ്ടിടത്ത് പ്രത്യക്ഷപ്പെട്ടത്. ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്റർ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റർ. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരുന്നത്.
പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇന്ന് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രന്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസിലേക്ക് എത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam