
കൊച്ചി: മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരികെ ലഭിക്കുന്നത് വരെ ബിജെപി ഒപ്പം നിൽക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് നിയമ ഭേദഗതിയെ എതിർത്ത എംപിമാരുടെ നയം പ്രീണന രാഷ്ട്രീയമെന്ന് അദ്ദേഹം വിമർശിച്ചു. എസ്എഫ്ഐഒ വീണയെ പ്രതിയാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട അദ്ദേഹം. ഗോകുലത്തിലെ റെയ്‌ഡ് രാഷ്ട്രീയപ്രേരിതമല്ല. ജബൽപൂരിലെ ആക്രമണത്തിന് പിന്നിൽ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ് വഖഫ് ഭേദഗതി ബില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിലെ ജനപ്രതിനിധികൾ അവഗണിച്ച മുനമ്പം സമരത്തിൻ്റെ അനുരണനങ്ങൾ ദില്ലിയിലെത്തി. അതിൻ്റെ അടിസ്ഥാനത്തിലുള്ള നിയമ ഭേദഗതി ജനാധിപത്യത്തിൻ്റെ ശക്തിയാണ് തെളിയിക്കുന്നത്. പ്രീണന രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എം പി മാർ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ റവന്യു അവകാശങ്ങൾ കിട്ടുമെന്നും പറഞ്ഞു.
നാണമില്ലാത്ത നുണ പറയുകയാണ് ഇൻഡി സഖ്യ എം പിമാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ അവരുടെ ഉത്തരവാദിത്വങ്ങൾ മറന്നു. മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ റവന്യു അവകാശങ്ങൾ കിട്ടും വരെ ബിജെപി കൂടെയുണ്ടാകും. മുനമ്പത്തിൻ്റെ റവന്യു അവകാശം ലഭിക്കാൻ സമയ പരിധി പറയാൻ കഴിയുമോയെന്ന ചോദ്യത്തോട് കേരളത്തിൽ ഒരു എൻഡിഎ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കൃത്യമായ സമയം പറയാൻ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഇനിയും എന്തെങ്കിലും കുരുക്കിട്ടാൽ ഞങ്ങൾ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജബൽപൂർ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങൾ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ മറുപടി. സബ് കാ സാഥ് സബ്കാ വിശ്വാസ് ആണ് ഞങ്ങളുടെ നയം. എല്ലായിടത്തും ക്രിമിനലുകൾ ഉണ്ടാകുമല്ലോ. അല്ലാതെ സർക്കാരോ പാർട്ടിയോ ഒന്നുമല്ല ആക്രമണം നടത്തിയത്. ഈ വിഷയം ഞാൻ വിശദമായി പഠിച്ചിട്ടില്ല. ഗോകുലം സ്ഥാപനങ്ങളിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് തന്നോടാരും പറഞ്ഞിട്ടില്ല. സിനിമയെ സിനിമയായി കാണണമെന്നാണ് ബിജെപി നിലപാട്. എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി എന്ന പരാതി താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്താമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam