
കോഴിക്കോട്: തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യണമെങ്കിൽ താൻ 12പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ആനന്ദ് ബി തമ്പിയുടെ ആത്മഹത്യയിൽ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബി ഗോപാലകൃഷ്ണൻ മറുപടി നൽകി.
ബിജെപി ക്ക് നേതൃത്വമില്ലെന്ന് പറയുന്ന മുരളീധരൻ സ്വന്തം പാർട്ടിയിലെ നേതൃത്വം നന്നാക്കാൻ നോക്കണം. സ്വന്തം കുടുംബത്തിലെ പ്രശ്നം പോലും പരിഹരിക്കാൻ പറ്റാത്ത ആളാണ് മുരളീധരൻ. കോൺഗ്രസ് നേതൃത്വം തകർന്നെന്ന് തിരുവനന്തപുരം എം പി പോലും പറയുന്നുണ്ടെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണൻ. കോഴിക്കോട് കോര്‍പ്പറേഷനിലെ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നാല് സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam