പിണറായി വിജയന്‍ ജീവിക്കുന്നത് വിഡ്ഡികളുടെ സ്വർഗ്ഗത്തില്‍, വങ്കത്തരത്തിന് നികുതി പണം ഉപയോഗിക്കരുത്; കെ സുരേന്ദ്രന്‍

By Web TeamFirst Published Jan 14, 2020, 11:13 AM IST
Highlights

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ സുരേന്ദ്രന്‍റെ വിമര്‍ശനം. പാർലമെന്റ്‌ പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയിൽ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാൻ കൂട്ടുനിന്ന പാർട്ടിയുടെ അധ്യക്ഷൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിനും ചെലവായി ലക്ഷങ്ങൾ. കേരളസർക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകൻ പോലുമില്ലേ? സുരേന്ദ്രന്‍ ചോദിക്കുന്നു.

മുസ്ളീം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാൻ തെരുവിൽ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുർവ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടി? ഇത്തരം വങ്കത്തരങ്ങൾക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാർട്ടി ഫണ്ടിൽനിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

Read More: 'പൗരത്വ നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവും'; ഹർജിയുമായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ 

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയത്. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 

പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വന്‍ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു.  

click me!