Asianet News MalayalamAsianet News Malayalam

'പൗരത്വ നിയമം വിവേചനപരം, ഭരണഘടനാവിരുദ്ധം'; ഹർജിയുമായി കേരളം സുപ്രീംകോടതിയിൽ

പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു. 

State government against citizenship amendment act in Supreme Court
Author
Delhi, First Published Jan 14, 2020, 8:47 AM IST

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 

പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വന്‍ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്. 

Also Read: പൗരത്വ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം

നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷകക്ഷികളും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കേരള  മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും തയ്യാറാവണമെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. 

Also Read: 'ഒന്നിച്ചു നിൽക്കണം': പൗരത്വ നിയമത്തില്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സർവകക്ഷി യോഗവും ചേർന്നിരുന്നു. പൗരത്വ ഭേദഗതി നിയമം ജനങ്ങള്‍ക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചത്‌. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത-സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios