സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നത് മടിയില്‍ കനം ഉള്ളതിനാല്‍: എം.ടി. രമേശ്

By Web TeamFirst Published Sep 27, 2020, 11:04 PM IST
Highlights

ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതില്‍ സിപിഎം അസ്വസ്ഥമാവുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഇത് അഴിമതി നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണ്. 

കോഴിക്കോട്: മടിയില്‍ കനം ഉള്ളതുകൊണ്ടാണ് സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ബിജെപി കോഴിക്കോട് ജില്ലാ നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി കേരളം കണ്ട ഏറ്റവും കൊള്ളയാണെന്ന് രമേശ് ആരോപിച്ചു.

ലൈഫ് മിഷന്‍ അഴിമതിയില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും പങ്കില്ലെന്നും കരാറില്‍ സര്‍ക്കാര്‍ പങ്കാളിയ ല്ലെന്നുമാണ് ഇതുവരെ പറഞ്ഞിരുന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടി പ്രതിരോധിക്കുമെന്നാണ് പറയുന്നത്. സര്‍ക്കാര്‍ പങ്കാളിയല്ലെങ്കില്‍ പിന്നെ എന്തിന് പാര്‍ട്ടി ഈ നിലപാട് സ്വീകരിക്കണം. ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതില്‍ സിപിഎം അസ്വസ്ഥമാവുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഇത് അഴിമതി നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണ്. 

സ്വര്‍ണക്കടത്തിനെക്കാള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് അറിയുന്നതാണ് ഈ കരാര്‍. മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്താല്‍ എങ്ങനെ തല്‍ സ്ഥാനത്ത് തുടരും എന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. അതുകൊണ്ടാണ്  പ്രതിരോധിക്കാനെന്ന പേരില്‍ സിപിഎം മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്. വിജിലന്‍സിനെ കൊണ്ട് കേസ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് കൊടുപ്പിക്കാനാണ് സിപിഎമ്മിനെ അവരുടെ ബുദ്ധികേന്ദ്രങ്ങള്‍ ഉപദേശിച്ചത്. 

ആ റിപ്പോര്‍ട്ടുമായി കോടതിയില്‍ പോയി സിബിഐ അന്വേഷണത്തിന് തടയിടാനായിരുന്നു ലക്ഷ്യമിട്ടത്. അതാണ് സിബിഐ കേസ് എടുത്തതോടെ തകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, സംസ്ഥാന സമിതി അംഗങ്ങളായ കെ. രജിനേഷ് ബാബു, എം.പി. രാജന്‍, ശശീന്ദ്രന്‍, ജയാസദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

click me!