
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ തട്ടിപ്പുകാരൻ എന്ന് വിളിക്കാൻ മടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി വി ഡി സതീശന്റെ വിമർശനത്തിലാണ് പ്രതികരണം. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്ന് വിമർശിച്ച രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവന വായിച്ചാൽ രാഹുൽ ഫ്രോഡ് ആണെന്ന് മനസ്സിലാകുമെന്നും പറഞ്ഞു. മുഖ്യമന്ത്രി ആയതിനാലാണ് മറുപടി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ പ്രതികരണത്തെ മുഖ്യമന്ത്രി അപലപിച്ചിരുന്നു. ഇത് പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം നുണകളിലും അധിക്ഷേപങ്ങളിലും വിഭജനത്തിലും മാത്രം അധിഷ്ഠിതമാണ്. രാജ്യത്തെയും രാജ്യത്തിന്റെ സ്ഥാപനങ്ങളെയും നിരന്തരം തകർക്കുന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപം, സർക്കാരിനും ബിജെപിക്കുമെതിരെ വ്യാജപ്രചാരണം എന്നിവയാണ് അദ്ദേഹത്തിന്റെ രീതി. ഇതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുപിഎ കാലത്തെ അഴിമതിയും ദുർഭരണവും തന്നെയാണ് ആവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണ് എന്നും അദ്ദേഹത്തെ തട്ടിപ്പുകാരനെന്ന് വിളിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ദേശദ്രോഹികൾ എന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ നാടകമാണ് അപലപിക്കപ്പെടേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ വ്യക്തമായ പ്രസ്താവന വായിച്ചാൽ, രാഹുൽ ഒരു ഫ്രോഡ് ആണെന്ന് വിവേകമുള്ള ആർക്കും മനസ്സിലാകും. രാഷ്ട്രീയത്തിൽ ബഹുമാനം ചോദിച്ചു വാങ്ങുന്നതല്ല, രാജ്യത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചും സേവനം ചെയ്തും നേടിയെടുക്കേണ്ടതാണ്. രാഹുൽ ഗാന്ധിയുടെ രാജവംശ പരിവേഷമുള്ള കരിയറിൽ അദ്ദേഹം അതൊന്നും ചെയ്തിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
എസ്ഐആർ സംബന്ധിച്ച കോൺഗ്രസ് നിലപാട് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിലപാടുമായി പോലും പൊരുത്തപ്പെടുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശദ്രോഹി എന്ന് വിളിച്ചതിന് രാഹുൽ ഗാന്ധി മാപ്പ് പറയുകയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പറഞ്ഞ നുണകൾക്ക് മാപ്പ് പറയുകയും ചെയ്താൽ, ഫ്രോഡ് എന്ന് വിളിക്കുന്നത് നിർത്താമെന്നും മറിച്ചാണെങ്കിൽ ഫ്രോഡ് വിളി തുടർന്നും കേൾക്കാൻ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam