അയ്യായിരം ലിറ്റർ നെയ്യ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തുന്നത്.
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് മില്‍മയില്‍ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിന്‍റെ തീരുമാനം. അയ്യായിരം ലിറ്റർ നെയ്യ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തുന്നത്. മുൻ വർഷം നെയ്യ് വഴി മധ്യേ മറിച്ചുവിറ്റെന്ന് കേസുള്ള സാഹചര്യത്തിൽ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.
ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനില്‍ക്കേയാണ് വീണ്ടും കരാർ. മില്‍മയെ ഒഴിവാക്കിയാണ് ആദ്യം ദേവസ്വം ബോർഡ് റീ ടെൻഡർ വിളിച്ചത്. എന്നാല്‍ വന്നത് നെയ്യ് ക്രമേക്കേടില്‍ ആരോപണ വിധേയനായ തമിഴ്നാട്ടിലെ കരാറുകാരനാണ്. ഇതോടെ റീ ടെൻഡർ തന്നെ ദേവസ്വം ബോർഡ് ഒഴിവാക്കി. എന്നാല്‍ പിന്നീട് വിളിച്ച ടെൻഡറില്‍ മറ്റാരും വരാതായതോടെ മില്‍മയെ തന്നെ ആശ്രയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. പതിനായിരം ലിറ്റർ നെയ്യാണ് അടിയന്തരമായി നല്‍കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതില്‍ അയ്യായിരം ലിറ്റർ ഇന്ന് നല്‍കും. വിവാദം നലനില്‍ക്കുന്ന സാഹചര്യത്തില്‍ മില്‍മ സ്വന്തം വാഹനത്തില്‍ ആണ് നെയ്യ് പമ്പയില്‍ എത്തിക്കുന്നത്.
ഫുഡ് സേഫ്റ്റിയുടെ അടക്കമുള്ള ഗുണനിലവാര പരിശോധന കർശനമായി പൂര്‍ത്തിയാക്കിയാണ് നെയ്യ് കൈമാറുന്നത്. ആകെ അമ്പതിനായിരം ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് മില്‍മയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങള്‍ക്ക് തികയുമോയെന്ന് നോക്കിയശേഷം മാത്രമായിരിക്കും കൂടുതല്‍ നെയ്യ്ക്കായുള്ള കരാറില്‍ ഏർപ്പെടുക. നെയ്യ്ക്ക് ലിറ്ററിന് 660 രൂപയാണ് ദേവസ്വം ബോർഡിനോട് മില്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മില്‍മ നെയ്യ് വഴി മധ്യേ മറിച്ചുവിറ്റെന്ന് കേസില്‍ രണ്ട് പേരില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടില്‍ പങ്കുള്ള ദേവസ്വം ബോർഡ് സ്റ്റോർ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ക്രമക്കേടിലുള്ള കൂടുതല്‍ പേരുടെ പങ്കാളിത്തം തെളിയുമെന്നാണ് വിജിലന്‍സ് അനുമാനം.













