
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. 2012ൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയത് ചാണ്ടി ഉമ്മൻ അറിഞ്ഞില്ലേയെന്നും ഇപ്പോഴാണോ ചാണ്ടി ജനിച്ചത് എന്നും കുറ്റപ്പെടുത്തൽ. വാസവൻ നിരവധി താത്കാലിക നിയമനങ്ങൾ നടത്തിയെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അതേ സമയം, കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ജയകുമാറിന് പിന്തുണ നൽകി ബിജെപി. എല്ലാ രോഗികൾക്കും ഇഷ്ടം ഉള്ള ഡോക്ടർ ആണ് സുപ്രണ്ട് ജയകുമാർ. ജയകുമാറിന് എല്ലാ സംരക്ഷണവും ബിജെപി നൽകുമെന്നും പ്രതികരണം.
ജയകുമാറിനെ ബലിയാടാക്കി രക്ഷപ്പെടാൻ അനുവദിക്കില്ല. 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. ബിന്ദുവിൻ്റെ ചെറിയ വീട് ജനങ്ങൾ കാണാതിരിക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചുവെന്നും അടുത്തുള്ള നല്ലൊരു വീട്ടിലേക്ക് കുട്ടികളെ മാറ്റിയെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കുടുംബത്തിലെ ഒരാൾക്ക് ജോലി കൊടുക്കണം. ആരോഗ്യ മേഖലയിലെ 50 ശതമാനം ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. നീതികേടാണ് വീണ ജോർജ് കാണിക്കുന്നത്. വാസവന്റെയും വീണാ ജോർജിന്റെയും നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നത് തെമ്മാടിത്തരമാണെന്നും അവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് സംബന്ധിച്ചും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. കമലേടത്തിയുടെ പോക്കറ്റിൽ 2 ഐ ഫോൺ വെച്ച് സിഎം അമേരിക്കയിലേക്ക് പോയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.