'സുരേന്ദ്രൻ രാജി വയ്ക്കണം', ആവശ്യവുമായി കൃഷ്ണദാസ് പക്ഷം, അച്ചടക്കം വേണമെന്ന് സുരേന്ദ്രൻ

By Web TeamFirst Published Jul 6, 2021, 2:47 PM IST
Highlights

അച്ചടക്കത്തിന്‍റെ വാളോങ്ങിയായിരുന്നു കെ സുരേന്ദ്രന്‍റെ ആമുഖപ്രസംഗം. എന്നാൽ സംസ്ഥാനനേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും സുരേന്ദ്രൻ രാജി വയ്ക്കണമെന്നും ആവശ്യപ്പെടുന്നു മറുവിഭാഗം. 

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്യിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും സീറ്റ് കച്ചവടമടക്കം തുടർച്ചയായി ആരോപണങ്ങൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കെ സുരേന്ദ്രൻ സംസ്ഥാനനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപിയിലെ സുരേന്ദ്രൻ പക്ഷത്തിന്‍റെ എതിർവിഭാഗം. പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷത്തെ നേതാക്കളാണ് കെ സുരേന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കാസർകോട്ട് നടക്കുന്ന സംസ്ഥാനഭാരവാഹികളുടെ യോഗത്തിലാണ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമുയർന്നത്. അച്ചടക്കത്തിന്‍റെ വാളോങ്ങിയായിരുന്നു കെ സുരേന്ദ്രന്‍റെ ആമുഖപ്രസംഗം. എന്നാൽ സംസ്ഥാനനേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും സുരേന്ദ്രൻ രാജി വയ്ക്കണമെന്നും ആവശ്യപ്പെടുന്നു മറുവിഭാഗം. 

പാലക്കാട്ട് നിന്നും എറണാകുളത്ത് നിന്നുമുള്ള ഒരു വനിതാനേതാവടക്കമാണ് കെ സുരേന്ദ്രനെതിരെ രാജി ആവശ്യമുന്നയിച്ചത്. നേതാക്കൾ നേരിട്ടല്ല, പകരം ഈ പക്ഷത്തെ ചില നേതാക്കളാണ് രാജി ആവശ്യം യോഗത്തിൽ മുന്നോട്ടുവച്ചതെന്നാണ് കാസർകോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. പ്രവർത്തകർക്ക് പലർക്കും നേതൃത്വത്തിൽ വിശ്വാസമില്ല. അതിനാലാണ് കെ സുരേന്ദ്രനെതിരായ ആരോപണങ്ങൾക്ക് എതിരായ സമരങ്ങൾക്ക് പോലും പിന്തുണയില്ലാത്തതെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. 

എന്നാൽ അച്ചടക്കം വേണം പാർട്ടിയിലെന്ന മുന്നറിയിപ്പുമായാണ് കെ സുരേന്ദ്രൻ ആമുഖപ്രസംഗം നടത്തിയത്. അംഗങ്ങൾക്ക് താക്കീതുമായി സംസാരിച്ച കെ സുരേന്ദ്രൻ, പാർട്ടി അച്ചടക്കം മർമപ്രധാനമെന്നും കോൺഗ്രസല്ല ബിജെപിയെന്നും അംഗങ്ങളോട് പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടനാ നടപടി യോഗത്തിൽ പ്രധാന വിഷയമാണെന്നും കാസർകോട് തുടരുന്ന ഭാരവാഹിയോഗത്തിന്‍റെ ആമുഖ പ്രസംഗത്തിൽ കെ. സുരേന്ദ്രൻ പറഞ്ഞു.

Read More : 'കോൺഗ്രസല്ല ബിജെപി, അച്ചടക്കം വേണം', ഭാരവാഹി യോഗത്തിൽ താക്കീതുമായി കെ സുരേന്ദ്രൻ

കെ. സുരേന്ദ്രൻ പ്രതിയായ തെരഞ്ഞെടുപ്പ് കോഴക്കേസുകൾക്ക് കാരണമായ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ എതിർ വിഭാഗമാണെന്ന സംശയവും, പാർട്ടി വേദികളിൽ അധ്യക്ഷനെതിരായ വിമർശനങ്ങൾ ചില നേതാക്കൾ ചോർത്തി നൽകുന്നതിലെ അതൃപ്തിയുമാണ് താക്കീതിന് കാരണമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തോൽവിയും മറ്റ് വിവാദങ്ങളും യോഗത്തിൽ ചർച്ചയാണ്. 

സംസ്ഥാന ഭാരവാഹി യോഗത്തിന് മുൻപായി ബിജെപി കോർകമ്മിറ്റി യോഗം  ചേർന്നിരുന്നു. കൊടകര കുഴൽപ്പണ കേസിൽ ചോദ്യംചെയ്യലിനായി ഇന്ന് ഹാജരാകേണ്ടതാണെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ വരാൻ സാധിക്കില്ലെന്ന് കെ. സുരേന്ദ്രൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!