
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർ ബി ശ്രീകുമാറിൻ്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്ന് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ്. വിദേശ വനിതകളും നമ്പി നാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറയുന്നു.
ചാരക്കേസിൽ പ്രതികളുടെ അറസ്റ്റിൻ്റെ പൂർണ ഉത്തരവാദിത്വം ഐബി ഉദ്യോഗസ്ഥരുടെ മേൽചാരിയാണ് സിബി മാത്യൂസിൻ്റെ ജാമ്യ ഹർജി. ഐബിയും റോയും നൽകിയ വിവരമനുസരിച്ചാണ് ചാരക്കേസിൽ മാലി വനിതകളായ മറിയം റഷീദിയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്യുന്നത്. ചാരക്കേസിൽ മറിയം റഷീദിയുടെ പങ്കിനെ കുറിച്ച് ഐബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു ആർ ബി ശ്രീകുമാറാണ് വിവരം നൽകിയത്. മാലി വനിതകളുടെ മൊഴിയിൽ നിന്നും ശാസ്ത്രജ്ഞർ ചാരപ്രവർത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ- കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെറ്റ് വർക്കുണ്ടെന്ന് ഫൗസിയയുടെ മൊഴിയിൽ നിന്നും വ്യക്തമായി.
നമ്പി നാരായണൻ്റെ ബന്ധം മാലി സ്വദേശികളുടെ മൊഴിയിൽ നിന്നും വ്യക്തമായിരുന്നു. നമ്പി നാരായണനെയും അന്നത്തെ ഐജിയായിരുന്നു രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഐബി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു. ചാരവൃത്തി നടന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പി രാനായണനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം തലവനായ താനാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. പക്ഷെ കേസ് ഏറ്റെടുത്ത സിബിഐ പലകാര്യങ്ങളും മറച്ചുവച്ചു.
മറിയം റഷീദിയും ഫൗസിയുമായി ആർമി ക്ലബിൽ പോയ ഉദ്യോഗസ്ഥൻ്റെ കാര്യം സിബിഐ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. ആർമി ക്ലബില്‍ പോയ സ്ക്വാഡ്രൻ്റ് ലീഡറുടെ ഫോട്ടോ ഫൗസിയ ഹസ്സൻ തിരിച്ചറിഞ്ഞതാണെന്നും സിബി മാത്യൂസ് ജാമ്യ ഹർജിയിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിൽ സിബിമാത്യൂസ് നൽകിയ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണനും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജി വ്യാഴാഴ്ച കോടതി പരിഗണിക്കും. ചാരക്കേസിൽ നമ്പി നാരായണനെ കുരുക്കാൻ പൊലീസ് -ഐബി ഉദ്യോഗസ്ഥർ ചേർന്ന് ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിൽ നാലാം പ്രതിയാണ് സിബി മാത്യൂസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam