ജാതി സെന്‍സസ് ആവശ്യം മറികടക്കാന്‍ ബിജെപി നീക്കം,ഏക സിവില്‍ കോഡ്, പൗരത്വ ചര്‍ച്ചകള്‍ സജീവമാക്കി

Published : Nov 10, 2022, 12:44 PM ISTUpdated : Nov 10, 2022, 01:02 PM IST
ജാതി സെന്‍സസ് ആവശ്യം മറികടക്കാന്‍ ബിജെപി നീക്കം,ഏക സിവില്‍ കോഡ്, പൗരത്വ ചര്‍ച്ചകള്‍ സജീവമാക്കി

Synopsis

പൗരത്വ നിയമഭേദഗതി ബംഗാളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനം.ഏക സിവില്‍ കോഡ് ദേശീയ തലത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാന അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ  നീക്കം. 

ദില്ലി:സാമ്പത്തിക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ഏക സിവില്‍ കോഡ്, പൗരത്വ നിയമഭേദഗതി വിഷയങ്ങളില്‍  ചര്‍ച്ച സജീവമാക്കി ബിജെപി. ജാതി സെന്‍സസിനായി പ്രാദേശിക പാര്‍ട്ടികള്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് ബിജെപിയുടെ മറുനീക്കം. മമത ബാനര്‍ജി എതിര്‍ത്താലും പശ്ചിമ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.

സംവരണത്തിലെ അന്‍പത് ശതമാനം പരിധി എടുത്ത് കളഞ്ഞ് ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തി പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാണ് പ്രാദേശിക പാര്‍ട്ടികളുടെ ആവശ്യം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈയാവശ്യം മുന്‍പോട്ട് വച്ചിരുന്നെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ മുന്നാക്ക സംവരണം സുപ്രീംകോടതി ശരി വച്ച പശ്ചാത്തലത്തില്‍ ജാതി സെന്‍സ് ആവശ്യം പല സംസ്ഥാനങ്ങളില്‍ നിന്നും ഉയരുകയാണ്. രണ്ടാം മണ്ഡൽ നീക്കം മറി കടക്കാന്‍ ഏക സിവില്‍ കോഡ്, പൗരത്വ നിയമഭേദഗതി ചര്‍ച്ചകള്‍ ബിജെപി വീണ്ടും എടുത്തിടുകയാണ്.

തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ രണ്ട് ജില്ലകളില്‍  പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള നടപടികള്‍ ഇതിനോടകം തുടങ്ങിയിട്ടുമുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയ പശ്ചിമബംഗാളില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഇത് നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുണഭോക്താക്കളായ സമുദായങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തിയുള്ള രാഷ്ട്രീയ നീക്കം കൂടി ബിജെപി ഉന്നമിടുന്നു.

ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഏക സിവില്‍ കോഡ് ചര്‍ച്ച  ബിജെപി സജീവമാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കും ചര്‍ച്ച വ്യാപിക്കുകയാണ്. ദേശീയ തലത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാന അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ  നീക്കം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി  കേന്ദ്രനീക്കം  സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും