ചെങ്കോട്ട ഇടിച്ചു, തലസ്ഥാനത്ത് താമര തരംഗം; നൂറില്‍ 50 സീറ്റുമായി എന്‍ഡിഎയ്ക്ക് ആധികാരിക വിജയം, ആരാവും തിരുവനന്തപുരം മേയര്‍?

Published : Dec 13, 2025, 05:18 PM IST
thiruvananthapuram BJP

Synopsis

സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി ഒരു കോർപ്പറേഷൻ ഭരിക്കാൻ പോവുകയാണ്. നൂറ് സീറ്റില്‍ അമ്പതും ബിജെപി പിടിച്ചു. വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ ഇനി ബിജെപി ഭരിക്കും. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. അതേസമയം, സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മുൻ ഡിജിപി ആർ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുൾപ്പെടെ പ്രമുഖർ ജയിച്ചുകയറി.

ചുവപ്പിന്‍റെ തലസ്ഥാനം കാവിയണിഞ്ഞു. ത്രികോണപ്പോരിൽ തിരുവനന്തപുരം ബിജെപിക്കൊപ്പം പോന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി ഒരു കോർപ്പറേഷൻ ഭരിക്കാൻ പോവുകയാണ്. നൂറ് സീറ്റില്‍ അമ്പതും ബിജെപി പിടിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരൊയൊരു സീറ്റിന്‍റെ കുറവേ ബിജെപിക്കൊള്ളൂ. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിറ്റിങ് വാർഡുകൾ നിലനിർത്തിയതിനൊപ്പം ഇടതുകേന്ദ്രങ്ങളെ ഉലച്ചിരിക്കുകയാണ് ബിജെപി. നിയമസഭയിലേക്കുള്ള വോട്ടൊളിമ്പിക്സിൽ ബിജെപിയുടെ പ്രധാനവേദി ഇനി തിരുവനന്തപുരമാവും. വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഞെട്ടിക്കൽ പരീക്ഷണത്തിനും സാധ്യതയുണ്ട്.

എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി 

വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയാണ് തിരുവനന്തപുരത്ത് ഉണ്ടായത്. സിറ്റിങ് വാർഡുകൾ പലതും നഷ്ടമായി. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ഭരണസമിതിക്കെതിരായെ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർത്ഥികളും വാർഡ് വിഭജനവും തുണച്ചില്ല. പത്ത് സീറ്റിലേക്ക് 2020ൽ ഒതുങ്ങിയ യുഡിഎഫിന്‍റേത് വമ്പൻ തിരിച്ചുവരവാണ്. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നു. കെ എസ് ശബരീനാഥനും വോട്ട് വിവാദമുണ്ടായ മുട്ടടയിലെ വൈഷ്ണ സുരേഷുമുൾപ്പെടെ ജയിച്ചു. രണ്ട് വാർഡുകളിൽ സ്വതന്ത്രരാണ് വിജയികൾ. അവരിൽ ഒരാൾ പിന്തുണച്ചാൽ ബിജെപിക്ക് ഭരിക്കാൻ തലവേദനയില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി; 'നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും'
ട്രെൻഡ് മാറിയോ? അന്ന് ആര്യാ രാജേന്ദ്രനും രേഷ്മയും ജയിച്ച വഴിയിൽ വന്നു; എൽഡിഎഫിന്റെ പ്രായം കുറഞ്ഞ നഗരസഭാ സ്ഥാനാര്‍ത്ഥി തോറ്റു