രമേശ് ചെന്നിത്തലയ്ക്കല്ല, എസ് രാമചന്ദ്രൻ പിള്ളക്കാണ് ആർഎസ്എസ് ബന്ധമെന്ന് ബിജെപി മുഖപത്രം

By Web TeamFirst Published Jul 31, 2020, 9:53 AM IST
Highlights

"സിപിഎമ്മില്‍ കൊടിയേരിയേക്കാള്‍ വലിയ നേതാവാണല്ലോ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. ആ മാന്യതയക്കു കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ്എന്നു പറയുന്നവരുമുണ്ട്"

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് എതിരെ കോടിയേരി നിരന്തരം ആർഎസ്എസ് ബന്ധം ആരോപിക്കുന്നതിനിടെ, സിപിഎം പിബി അംഗമായ എസ് രാമചന്ദ്രൻ മുൻ ആർഎസ്എസ് ശിക്ഷകായിരുന്നുവെന്ന് ബിജെപി മുഖപത്രത്തിൽ ലേഖനം. പി ശ്രീകുമാറിന്റെ ലേഖനത്തിലാണ് സിപിഎമ്മിന്റെ സമുന്നതനായ നേതാവിനും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ ശങ്കറിനും ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്. അതേസമയം രമേശ് ചെന്നിത്തലയ്ക്ക് ആർഎസ്എസ് ബന്ധമില്ലെന്നും ലേഖനത്തിൽ പറയുന്നു.

"രമേശ് ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്‌നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌ക്കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്."

"ഇനി രമേശ് ആര്‍എസ്എസ് ആയിരുന്നു എങ്കില്‍ വല്ലകുഴപ്പവും ഉണ്ടോ. സിപിഎമ്മില്‍ കോടിയേരിയേക്കാള്‍ വലിയ നേതാവാണല്ലോ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. ആ മാന്യതയക്കു കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണെന്നു പറയുന്നവരുമുണ്ട്. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു."

"കോടിയേരി ആര്‍എസ്എസ് എന്നു പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതുമില്ല. കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍ ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. കൊല്ലത്ത് ആര്‍എസ്എസ് പ്രചാരകനായിരുന്ന ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്." - ജന്മഭൂമിയിലെ ലേഖകനത്തില്‍ പി ശ്രീകുമാര്‍ എഴുതി. 

സ്വർണ്ണക്കടത്ത് കേസിൽ പ്രതിപക്ഷത്ത് കോൺഗ്രസും ബിജെപിയും സംസ്ഥാന സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുമ്പോഴാണ് ചെന്നിത്തലയ്ക്ക് ആർഎസ്എസ് ബന്ധം ആരോപിച്ച് കോടിയേരി രംഗത്ത് വന്നത്. ചെന്നിത്തല ആർഎസ്എസിന്റെ മാനസപുത്രനെന്ന് അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ തൻറെ ഡിഎൻഎ ജനങ്ങൾക്കറിയാമെന്നും കോടിയേരി പരിശോധിക്കേണ്ടെന്നും ചെന്നിത്തല തിരിച്ചടിച്ചു. ചെന്നിത്തലക്ക് ലീഗും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. എന്നാൽ ഇന്ന് കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോൺഗ്രസിലെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് കുറ്റപ്പെടുത്തി.

click me!