
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിനകത്ത് സ്ഫോടനം. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന തുടങ്ങി. അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളിക്കാണെന്നാണ് സൂചന.
മരണം രണ്ടായി
ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിൽ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീടായിരുന്നു. നാട്ടുകാരും പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (45) ആണ് സ്ഫോടന സ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശഹീദുൾ (22) ആശുപത്രിയിൽ വച്ചും മരിച്ചു.
പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമായി. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ വച്ചാണ് സ്ഫോടനം നടന്നത്. വീടിന്റെ മേൽക്കൂര അപ്പാടെ തകർന്നു. ആക്രി പെറുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽ പാത്രം മുറിയിൽ വച്ച് തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെ ഷഹീദുളിന്റെ കൈപത്തി അറ്റുപോയി. സ്ഫോടനം നടക്കുമ്പോൾ വീടിന്റെ താഴത്തെ നിലയിൽ മൂന്ന് പേരുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല. കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി. കഴിഞ്ഞ മൂന്ന് മാസമായി കാശിമുക്കിൽ അഞ്ച് അസം സ്വദേശികൾ വാടകയ്ക്ക് താമസിച്ച് ആക്രികച്ചവടം നടത്തിവരികയായിരുന്നു.
സ്ഫോടനത്തിൽ കേസ് രജിസ്റ്റർ ചെയ്ത മട്ടന്നൂർ പൊലീസ് അസം സ്വദേശികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും വിശദമായ മൊഴിയെടുത്തു. ബോംബ് സ്ക്വാഡ് പരിശോധനയും നടത്തി. എവിടെ നിന്ന് ആക്രി പെറുക്കുമ്പോഴാണ് ഈ സ്റ്റീൽ ബോംബ് കിട്ടിയതെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.
സജി ചെറിയാന്റെ രാജി: വാർത്തകൾ ഇവിടെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam