Asianet News MalayalamAsianet News Malayalam

ഔദ്യോഗിക വാഹനം ഒഴിവാക്കി സജി ചെറിയാന്റെ മടക്കം, ചുമതലകൾ മറ്റൊരു മന്ത്രിക്ക്, പുതിയ മന്ത്രി വേണ്ടെന്ന് തീരുമാനം

ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽ മന്ത്രി സജി ചെറിയാനെതിരെ നടപടി വൈകുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു

Saji Cherian returns responsibilities will be given to sitting minister No new member to cabinet
Author
Thiruvananthapuram, First Published Jul 6, 2022, 6:25 PM IST

തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവെച്ച ശേഷം സജി ചെറിയാൻ മടങ്ങിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ട്. മന്ത്രിയുടെ ചുമതലകൾ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. പുതിയ മന്ത്രി വേണ്ടെന്നാണ് പാർട്ടിയിലെ ധാരണ. ഒന്നാം പിണറായി മന്ത്രിസഭയിൽ ഇപി ജയരാജൻ രാജിവെച്ച ശേഷം മടങ്ങി വന്നത് പോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള സാധ്യതകൾ കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽ മന്ത്രി സജി ചെറിയാനെതിരെ നടപടി വൈകുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം മന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രി സജി ചെറിയാനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. പിന്നാലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് കൊണ്ടുള്ള കത്ത് കൈമാറി.

രാജി തീരുമാനം തന്റെ സ്വതന്ത്രമായ തീരുമാനമാണെന്നായിരുന്നു സജി ചെറിയാൻ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന മീഡിയ റൂമിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.  മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയിൽ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്നങ്ങളിൽ എന്റെ പ്രസ്ഥാനം മുന്നിൽ നിന്നു. കോൺഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും സജി ചെറിയാൻ പറഞ്ഞു.

'വാവിട്ട വാക്ക്' വിനയായി, സജി ചെറിയാന്‍ പുറത്ത്

ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശങ്ങളില്‍ കടുത്ത നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തിരുന്നു.. സംസ്ഥാന നേതൃത്വം ഉചിതമായ നടപടി പ്രഖ്യാപിക്കുമെന്ന്  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് രാവിലെ പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടെയുണ്ടായ വിവാദം ദേശീയതലത്തില്‍  സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് ദില്ലിയിലെ വിലയിരുത്തൽ

ബിജെപി സർക്കാർ  ഭരണഘടന മൂല്യങ്ങള്‍ അട്ടിമറിക്കുന്നു എന്നാണ് ദേശീയതലത്തിൽ സിപിഎം പ്രചാരണം. ഭരണഘടന  സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനുൾപ്പടെ വിശാല വേദി രൂപീകരിക്കണം എന്നാണ്  പാർട്ടി കോൺഗ്രസിനറെയും ആഹ്വാനം. ഇതിനിടെ കേരളത്തിൽ മന്ത്രിയായിരിക്കുന്ന പാർട്ടി നേതാവ് ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമർശം പാർട്ടിയെ ദേശീയ തലത്തിലും പ്രതിരോധത്തിലാക്കുകയാണ്.  സംസ്ഥാന നേതാക്കളുമായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു. അവൈലബിൾ പിബിയും പ്രസ്താവന അനാവശ്യം എന്നാണ് വിലയിരുത്തിയത്. മാതൃകാപരമായ നടപടി വേണം എന്നാണ് പല നേതാക്കളുടെയും വികാരം അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു. 

വിശ്വസ്തനായെത്തി, വെട്ടിക്കയറി; അബദ്ധ പ്രസ്താവനയിൽ ഒടുവിൽ പടിയിറക്കം

പരാമർശങ്ങള്‍ വിവാദമായതിന് തൊട്ടു പിന്നാലെ ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സജി ചെറിയാന്‍റേത് നാവ് പിഴയാണെന്ന് ന്യായീകരിച്ചിരുന്നു. സംസ്ഥാന ഘടകത്തിൻറെ വികാരമാണ് ബേബി പ്രകടിപ്പിച്ചത്. എന്നാൽ കേന്ദ്രനേതാക്കൾക്കെല്ലാം ഇതേ അഭിപ്രായമല്ല എന്ന സൂചന യെച്ചൂരിയുടെ വാക്കുകൾ നല്കുന്നു.  മന്ത്രിയുടെ പരാമർശം ഇതിനോടകം ദേശീയ തലത്തിലും ചർച്ചയായിട്ടുണ്ട്. കേവലം നാവ് പിഴയെന്ന ന്യായീകരണം പറഞ്ഞ് ഒഴിയുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ ഗൗരവമായ നടപടിയുണ്ടാകണം എന്നാണ് നേതൃത്വം കരുതുന്നത്.  കോടതികളിൽ ഇക്കാര്യം പ്രതിരോധിക്കാനാകുമോ എന്ന സംശയവും നേതാക്കൾ ഉയർത്തുന്നു. 

Follow Us:
Download App:
  • android
  • ios