
പാലക്കാട്: പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ഓഫീസിൽ കയറാൻ അനുവദിക്കാതെ സി.പി.എം പ്രതിഷേധം. ഒയാസിസ് മദ്യ കമ്പനിക്ക് എതിരെ നിയമനടപടിയുൾപ്പെടെ തീരുമാനിക്കാൻ വിളിച്ച യോഗം തടസപെടുത്താനാണ് സമരമെന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണ സമിതി നാളെ ഉച്ചക്ക് രണ്ട് മണിക്ക് യോഗം ചേരും.
ഒയാസിസ് കമ്പനിക്ക് അനുമതി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുക, കമ്പനിക്ക് എതിരെ പ്രമേയം പാസാക്കിയ ഗ്രാമസഭക്ക് അംഗീകാരം നൽകുക, പദ്ധതി പ്രദേശത്ത് വീണ്ടും ഗ്രാമസഭ ചേരാൻ അനുമതിയുൾപ്പെടെ അജണ്ട പാസാക്കാനായിരുന്നു ഭരണ സമിതി യോഗം വിളിച്ചത്. പ്രസിഡൻ്റ്, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥരും എത്തും മുമ്പെ സി പി എം പ്രവർത്തകർ പഞ്ചായത്തിൻ്റെ ഇരുഗേറ്റും പൂട്ടി പ്രതിഷേധം തുടങ്ങി. പല തവണ കോൺഗ്രസിൻ്റെ ഭരണ സമിതി അംഗങ്ങളുംസി. പി. എം പ്രവർത്തകരും ഉന്തും തള്ളും ഉണ്ടായി. ഒയാസിസിന് വേണ്ടിയാണ് സി.പി. എം സമരമെന്നാണ് കോൺഗ്രസ് ആരോപണം.
പഞ്ചായത്തിൻ്റെ വികസന മുരടിപ്പിന് എതിരെ നേരത്തെ തീരുമാനിച്ച സമരമാണെന്നും ഉപരോധ ദിവസം തന്നെ ഭരണ സമിതി യോഗം വെച്ചത് എന്തിനാണെന്നും സിപിഎം ചോദിച്ചു പഞ്ചായത്തിൽ കയറാൻ പൊലീസ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് നേതൃത്വത്തിൽപാലക്കാട് - പൊളാച്ചി അന്തർ സംസ്ഥാന പാത ഉപരോധിച്ചു. സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഉപരോധം അവസാനിപ്പിച്ചു. സിപി എം അംഗങ്ങളുൾപ്പെടെ ഭരണസമിതി യോഗം ചേർന്നു. സമയംവൈകിയതിനാൽ തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതോടെ സെക്രട്ടറിക്കെതിരെ കോൺഗ്രസ് ബിജെപി പ്രതിഷേധം. അജണ്ട പാസാക്കാൻ നാളെ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചു.