
തൊടുപുഴ: അടിപിടിക്കേസിൽ പൊലീസ് (thodupuzha police) കസ്റ്റഡിയിൽ എടുത്ത പ്രതി പുഴയിൽ ചാടി മുങ്ങിമരിച്ചു. കോലാനി സ്വദേശി ഷാഫിയാണ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഇയാളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഷാഫി ജീപ്പിൽ നിന്നും ഇറങ്ങുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി ഓടിയ ഷാഫി സ്റ്റേഷന് ഇരുപത് മീറ്റർ അകലെയുള്ള പുഴയിലെ പാലത്തിൽ നിന്നും തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു.
ഷാഫിക്കായി ആദ്യം പൊലീസും ഫയർഫോഴ്സും കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലത്ത് നിന്നും സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധർ എത്തിയാണ് ഷാഫിയുടെ മൃതദേഹം മുങ്ങിയെടുത്തത്. പാലത്തിൽ നിന്നും ചാടി വീണ സ്ഥലത്ത് നിന്നും തന്നെയാണ് ഷാഫിയുടെ മൃതദേഹം വീണ്ടെടുത്തത്. തിരച്ചിൽ സൗകര്യത്തിനായി തൊടുപുഴ ആറിലേക്ക് വെള്ളം എത്തുന്ന മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചിരുന്നു. ഷാഫിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴയിലെ ഒരു സ്വകാര്യബാറിലെ സെക്യൂരിറ്റിയെ ആക്രമിച്ചെന്ന പരാതിയിലാണ് ഷാഫിയെ പൊലീസ്റ്റ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷമാണ് ഷാഫി പുഴയിൽ ചാടി മരിച്ചത് എന്നതിനാൽ തൊടുപുഴ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ സംഭവത്തിൽ അന്വേഷണുണ്ടാവാൻ സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam