
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയിലും പലക്കാട് കളക്ട്രേറ്റിലുമുൾപ്പെടെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
പാലക്കാട് കളക്ട്രേറ്റിൽ രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും കളക്ട്രേറ്റിലെത്തി പരിശോധന നടത്തി. മുഴുവൻ ജീവനക്കാരെയും കളക്ട്രേറ്റിൽ നിന്ന് പുറത്തിറക്കിയായിരുന്നു പരിശോധന. കൊല്ലം കളക്ട്രേറ്റിലും കോട്ടയം കളക്ട്രേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കൊല്ലം ജില്ലാ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്നാട്ടിൽ ഒരു മാധ്യമപ്രവർത്തകൻ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിലെ ആവശ്യം. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും അവിടെയും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മെയിൽ ഐഡി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കളക്ടർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
കേരള ഹൈക്കോടതിയിൽ ഏപ്രിൽ 22 നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം