
കൊച്ചി: കേന്ദ്ര സർക്കാർ തന്നെ വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കെ സി വേണുഗോപാൽ എം പി. അതിന് കുട പിടിക്കുന്ന സംസ്ഥാന സർക്കാരും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
കേരളത്തിലേക്ക് വലിയ പദ്ധതി കൊണ്ടുവരുന്നു എന്ന വിധത്തില്‍ സംസ്ഥാനത്തെ തെറ്റിദ്ധരിപ്പിച്ചാണ് കൊച്ചി റിഫൈനറിയോട് ചേര്‍ന്നുള്ള പ്രൊപെലെന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പദ്ധതി(പിഡിപിപി)ക്ക് വേണ്ടി സ്ഥലം ഏറ്റെടുപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലുതുമായ പദ്ധതി 132 ഏക്കറിൽ കേരളം ആഹ്ലാദിക്കേണ്ടതാണ്. രാജ്യാന്തര നിലവാരമുള്ള റിഫൈനറിയെന്ന മേന്മയ്‌ക്കൊപ്പം ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ഐആർഇപിയുടെ തുടർച്ചയായി സ്ഥാപിക്കുന്ന പെട്രോകെമിക്കൽ കോംപ്ലക്‌സിന്റെ സുപ്രധാന നേട്ടം.
ആദ്യ ഘട്ടത്തിൽ മുതൽ മുടക്ക് 5500 കോടി രൂപയും മൊത്ത നിക്ഷേപം 16,800 കോടിയുമാണ്. അസംസ്‌കൃത എണ്ണ (ക്രൂഡ്) ശുദ്ധീകരിച്ച് ഇന്ധനമാക്കുമ്പോൾ ഉപോൽപന്നമായി അഞ്ച് ലക്ഷം ടണ്‍ പ്രൊപ്പിലീന്‍ ലഭിക്കും. ഇതുപയോഗിച്ച് അക്രിലിക് ആസിഡ്, അക്രിലേറ്റ്‌സ്, ഓക്‌സോ ആല്‍ക്കഹോള്‍സ്, പോളിയോള്‍സ് തുടങ്ങിയവ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യവും പെട്രോകെമിക്കൽ കോംപ്ലക്‌സിനുണ്ടായിരുന്നു. എന്നാൽ രണ്ടുമാസത്തിനുള്ളിൽ ബിപിസിൽ തന്നെ വിറ്റുതുലയ്ക്കാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് തിരിച്ചറിയുമ്പോഴാണ് ഉദ്ഘാടന ചടങ്ങ് ചോദ്യം ചെയ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഉദ്ഘാടനവും മോദിയുടെ പ്രഖ്യാപനങ്ങളുമെന്ന് വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. പൊതുമുതൽ മുടക്കി സ്ഥാപിച്ച രാജ്യത്തിൻ്റെ അഭിമാനമായ സ്ഥാപനങ്ങളെ സ്വകാര്യ കമ്പനികളുടെ ലാഭത്തിനേ വിറ്റൊഴിക്കുന്ന കേട്ടുകേൾവിയില്ലാത്ത നടപടികൾ ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പ്രയാണത്തിൽ നാഴികക്കല്ലാവേണ്ട വിധമാണ് മുന്‍കാല കോണ്‍ഗ്രസ് സർക്കാരുകൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടിത്തറ പാകിയത്. ബിപിസിഎല്ലിനെ കൂടാതെ ഇന്ന് പ്രധാനമന്ത്രി പദ്ധതി സമർപ്പണം നടത്തുന്ന കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ്പ് യാര്‍ഡ്, ഫാക്ട് എന്നിവയും കോണ്‍ഗ്രസ് സർക്കാരുകൾ ഈ രാജ്യത്തിന് നല്‍കിയ കരുത്തുറ്റ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിച്ചുവരുന്നത്. രണ്ടാം മോദി സർക്കാർ അതിന്റെ വേഗം കൂട്ടിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യവത്കരണ പ്രഖ്യാപനമാണ് കേന്ദ്രബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നടത്തിയത്. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ഭാരത് പെട്രോളിയം കമ്പനി ഉൾപ്പെടെയുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ 2019- ൽ തന്നെ തീരുമാനിച്ചിരുന്നു. നവംബർ 20ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്ന് ബിപിസിഎല്ലും ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ടിഎച്ച്ഡിസി ഇന്ത്യയും നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും വിറ്റഴിക്കാന്‍ ഔദ്യോഗിക അംഗീകാരം നല്‍കി. കൊച്ചിയിലുള്‍പ്പെടെ നാല് റിഫൈനറികളുള്ള ബിപിസിഎല്‍ പ്ലാന്റും അതിനോടനുബന്ധിച്ചുള്ള 2000 ഏക്കറിനടുത്ത് ഭൂമിയും കുത്തകകള്‍ക്ക് തീറെഴുതുകയാണ്. രാജ്യത്തെ സമ്പദ് ഘടനയ്ക്ക് സുപ്രധാന സംഭാവന നല്‍കുന്ന മഹാരത്ന, നവരത്ന, മിനി രത്ന കമ്പനികളെ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത ശേഷം ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു, അത് കേരളത്തിന് സമര്‍പ്പിക്കുന്നുവെന്നെല്ലാം കൊട്ടിഘോഷിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യത്തെയും ജനങ്ങളെയും വിഡ്ഢികളാക്കുകയണെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam