
തൃശ്ശൂര്‍: വിവാഹ ചടങ്ങുകളിലെ പതിവ് രീതികളിൽ നിന്നും വിത്യസ്തമായാണ് ഇപ്പോള്‍ ന്യൂജന്‍ വധൂവരന്മാര്‍ കല്യാണ മണ്ഡപത്തിലേക്ക് എത്താറ്. അടുത്തിടെ കല്യാണ മണ്ഡപത്തില്‍ വധുവിന്‍റെ ചെണ്ടകൊണ്ട് വൈറലായിരുന്നു. ഇപ്പോഴിതാ മനസ്സമ്മതം കഴിഞ്ഞ് പ്രതിശ്രുത വരനുമായി വിരുന്നു ഹാളിലേക്ക് വധു എത്തിയത് ടാങ്കര്‍ ലോറിയോടിച്ച്. തൃശൂര്‍ മണലൂരിലാണ് വധൂവരന്മാര്‍ വിരുന്നിന് ടാങ്കറിലെത്തിയത്.
ഗള്‍ഫില്‍ ടാങ്കര്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ഡെലീഷയും ഹേന്‍സനുമായിരുന്നു മനസ്സമ്മത യാത്ര ടാങ്കര്‍ ലോറിയിലാക്കിയത്. വധുവും വരനും ടാങ്കര്‍ ലോറി ഓടിച്ചെത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ സീറ്റില്‍ വളയം പിടിച്ച് വധു, തൊട്ടടുത്ത് വരന്‍. മണലൂര്‍ വടക്കേ കാരമുക്ക് സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ നടന്ന മനസ്സമ്മതത്തിന് ശേഷം അരകിലോമീറ്ററകലെയുള്ള വിരുന്നു ഹാളിലേക്കുള്ള യാത്രയാണ് ഡെലീഷയും ഹേന്‍സനും മാസ് ആക്കിയത്.
വഴിയരികില്‍ നിന്നവരെ കൈവീശിക്കാണിച്ച് കൂളായി വണ്ടിയോടിച്ച് വിരുന്നു ഹാളിന്‍റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത് ഇരുവരും ലോറിയില്‍ നിന്നുമിറങ്ങിയപ്പോള്‍ ചടങ്ങിനെത്തിയവര്‍ അന്തംവിട്ടു. വടക്കേ കാരമുക്ക് പൊറുത്തൂർ സ്വദേശി ഡെലീഷയും കാഞ്ഞിരപ്പിള്ളി ആനക്കൽ സ്വദേശി ഹേൻസനുമായിരുന്നു ആ വധൂവരന്മാര്‍. ഗള്‍ഫില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരാണ് ഇരുവരും.
Read More : സ്ത്രീധനമായി ഫോര്‍ച്യൂണറിന് പകരം വാഗണര്‍, വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി!
ഡെലീഷയുടെ ടാങ്കര്‍ ലോറിയോടുള്ള ഇഷ്ടം നേരത്തെ നാടറഞ്ഞിതാണ്. ലോറി ഡ്രൈവറായ പിതാവിനെ പിന്തുടര്‍ന്നാണ് ഡെലീഷയും ടാങ്കറോടിച്ചു തുടങ്ങിയത്. കൊച്ചിയില്‍ നിന്ന് മലപ്പുറത്തേക്ക് പെട്രോള്‍ ലോഡെത്തിച്ചായിരുന്നു തുടക്കം. വാര്‍ത്ത കണ്ട് ഗള്‍ഫില്‍ നിന്നുള്ള കമ്പനി ടാങ്കര്‍ ഡ്രൈവറായി ജോലിയും നല്‍കി. അവിടെ വച്ചാണ് ജര്‍മ്മന്‍ കമ്പനിയിൽ ടാങ്കർ ലോറി ഡ്രൈവറായ ഹേൻസനുമായുള്ള പരിചയം. തിങ്കളാഴ്ച കാഞ്ഞിരപ്പിള്ളിയിലാണ് ഇവരുടെ കല്യാണം.
Read More : ഫോട്ടോ എടുക്കുന്നതിനിടെ സ്ത്രീയുടെ മുടിയിൽ തീപിടിച്ചു; ഞെട്ടി നിത്യ - വൈറലായി വീഡിയോ