Asianet News MalayalamAsianet News Malayalam

ഫോട്ടോ എടുക്കുന്നതിനിടെ സ്ത്രീയുടെ മുടിയിൽ തീപിടിച്ചു; ഞെട്ടി നിത്യ - വൈറലായി വീഡിയോ

നടി നിത്യദാസിന്‍റെ കൂടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു യുവതിയുടെ മുടിയിൽ തീ പിടിക്കുകയായിരുന്നു. 

nithya das meet fire accident at inauguration function
Author
First Published Jan 7, 2023, 10:48 AM IST

കോഴിക്കോട്: നടി നിത്യ ദാസിന്‍റെ ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോയാണ് വൈറലാകുന്നത്. നിത്യയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ ഒരു സ്ത്രീയുടെ മുടിക്ക് തീപിടിച്ചതിനെ തുടര്‍ന്നുള്ള നാടകീയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കോഴിക്കോട് കൊടുവള്ളിയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനിടെ സംഭവിച്ച അപകടത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

നടി നിത്യദാസിന്‍റെ കൂടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു യുവതിയുടെ മുടിയിൽ തീ പിടിക്കുകയായിരുന്നു. ആദ്യം സെല്‍ഫി എടുത്ത ശേഷം മാറി നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. ഉടന്‍ തന്നെ നിത്യ ഭയപ്പെട്ട് മാറുന്നതും വീഡിയോയിലുണ്ട്.

യുവതി നിന്നതിന് പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു എന്നാണ് മനസിലാകുന്നത്. പെട്ടെന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. സാരിക്ക് തീപിടിക്കാത്തത് വലിയ ഭാഗ്യം എന്ന് നിത്യ പറയുന്നത് കാണാം. 

അതേ സമയം തീപിടുത്തത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്നവരോട് നിത്യ തിരിഞ്ഞു നോക്കി അവരോട് ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. വേണ്ടെന്ന് പറയുമ്പോള്‍ അവരെ ഫോട്ടോ എടുക്കാന്‍ നിത്യ ക്ഷണിക്കുന്നുണ്ട്. 

‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നിത്യ ദാസ്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിത്യക്ക് ലഭിച്ചിരുന്നു. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് നിത്യ ഒടുവിൽ അഭിനയിച്ച സിനിമ. 

2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈനയും നമനുമാണ് നിത്യയുടെ മക്കൾ. വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയവയാണ് അഭിനയിച്ച സീരിയലുകള്‍. 

അടുത്ത് തന്നെ നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുണ്ട്. 'പള്ളിമണി' എന്ന സിനിമയിലൂടെയാണ് നിത്യയുടെ തിരിച്ചുവരവ്.

നിത്യ ദാസിന്റെ ​ഗംഭീര തിരിച്ചുവരവ്; വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ 'പള്ളിമണി' സോം​ഗ് 

മറ്റുള്ളവരെ പേടിപെടുത്താൻ ഇഷ്ടമാണോ? എങ്കിൽ നിത്യ ദാസിനൊപ്പം പങ്കുചേരാം, ചെയ്യേണ്ടത്
 

Follow Us:
Download App:
  • android
  • ios