കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട്: തട്ടിപ്പ് നടന്നത് ഓഫീസ് പ്രവര്‍ത്തനസമയം കഴിഞ്ഞ്

Published : Jun 21, 2022, 08:18 AM IST
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട്: തട്ടിപ്പ് നടന്നത് ഓഫീസ് പ്രവര്‍ത്തനസമയം കഴിഞ്ഞ്

Synopsis

രാത്രി ഏറെ വൈകിയും പുലർച്ചെയുമാണ് അനധികൃതമായി കെട്ടിടങ്ങൾക്ക് നമ്പരിട്ട് നൽകിയത്. അനധികൃതമായി കെട്ടിടാനുമതി നൽകിയതിന്‍റെ ലോഗിൻ  വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുകൾ  നടന്നത് ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞ്. രാത്രി ഏറെ വൈകിയും പുലർച്ചെയുമാണ് അനധികൃതമായി കെട്ടിടങ്ങൾക്ക് നമ്പരിട്ട് നൽകിയത്. അനധികൃതമായി  കെട്ടിടാനുമതി നൽകിയതിന്‍റെ ലോഗിൻ  വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അനധികൃതമായി കെട്ടിടങ്ങൾക്ക് അനുമതി കൊടുത്ത സംഭവത്തിൽ സാങ്കേതിക കാരണങ്ങൾ നിരത്തി കോർപ്പറേഷൻ അധികൃതർ കൈകഴുകുമ്പോഴാണ് സഞ്ചയ് ആപ്ലിക്കേഷനിലെ ലോഗിൻ വിവരങ്ങൾ പുറത്തുവരുന്നത്. റവന്യൂ ഇൻസ്പെക്ടറുടെ, സിഎന്‍എസ് എന്ന ലോഗിൻ വഴി മെയ് രാത്രി 11.20, ജൂൺ 1 വൈകിട്ട് 4.40, 4.50 എന്നിങ്ങനെ പോകുന്നു  ഫയലുകൾക്ക് അനുമതി നൽകിയ സമയക്രമം. അതായത് ഓഫീസ് സമയത്തിന് മുമ്പും ശേഷവുമാണ് അനധികൃതമായി കെട്ടിടാനുമതിയുൾപ്പടെ നൽകിയതെന്ന് ചുരുക്കം. 

ഈ ദിവസം മാത്രം ഇങ്ങിനെ ആറ് ഫയലുകൾക്കാണ് തീർപ്പുണ്ടാക്കിയിരിക്കുന്നത്. ചെറുവണ്ണൂർ സോണൽ ഓഫീസിൽ കൃത്രിമം നടന്നത് അഞ്ചുമണിക്ക് ശേഷമെങ്കിൽ,  ബേപ്പൂരിൽ ഓഫീസ് സമയത്തും നടന്നു. ഓഫീസിലിരുന്ന് രാത്രി വൈകി ഒരു ഉദ്യോഗസ്ഥൻ ഫയൽ തീർപ്പാക്കുമ്പോൾ മേലുദ്യോഗസ്ഥർ ഉൾപ്പെടെ ഇരിക്കുക സാധാരണമാണ്. എന്നാൽ ഇങ്ങനെയൊരു കാര്യം  നടന്നത് ഓഫീസിലാർക്കുമറിയില്ല. എവിടെ നിന്ന് വേണമെങ്കിലും ലോഗിൻ ചെയ്യാമെന്ന ആപ്ലിക്കേഷൻ ആയതിനാൽ മറ്റേതെങ്കിലും കേന്ദ്രത്തിൽ വച്ച് തിരിമറി നടന്നെന്ന സൂചനയാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. 

വിരമിച്ച ഉദ്യോഗസ്ഥരുടേത് ഉള്‍പ്പടെയുള്ള ഒത്താശയോടെയാണ് ക്രമക്കേടെന്നും വിവരമുണ്ട്.  തട്ടിപ്പ് നടത്തിയ ഒരു ഐ പി വിലാസം മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുളളൂ എന്നാണ് കോർപ്പറേഷൻ വിശദീകരിക്കുന്നത്.  ഇത് ചെറുവണ്ണൂരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബേപ്പൂർ സോണൽ ഓഫീസ് വഴിയും ക്രമക്കേട് നടന്നെന്ന നിഗമനത്തിൽ  ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക വിവരശേഖരണം നടത്തി. അനധികൃതമായി കെട്ടിടാനുമതി സമ്പാദിച്ച ഉടമകളിൽ നിന്ന് മൊഴിയെടുക്കലാണ് അടുത്ത ഘട്ടം. ഐ പി വിലാസമുൾപ്പടെ ശേഖരിച്ച് ക്രമക്കേട് നടന്ന സ്ഥലവും സമയവും കണ്ടെത്താമെങ്കിലും യഥാർത്ഥ പ്രതിയിലേക്കെത്താൻ സമയമെടുക്കുമെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്.  ക്രമക്കേട്  എവിടെവച്ച്, ആര് ചെയ്തെന്ന്  പരാതിയിലില്ലാത്തതിനാൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല.  

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്