
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്‍റേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്.
സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നിര്‍മാണം നടക്കുന്ന ഹാളിനുള്ളിലാണ് മൃതദേഹം കിടക്കുന്നത്.
കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടം വാങ്ങിയവര്‍ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉള്‍പ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകള്‍ പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കുശേഷമെ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.
സമീപ കാലത്ത് ഏറെ പ്രതിസന്ധിയിലൂടെയാണ് കോളേജിന്‍റെ പ്രവര്‍ത്തനം. എന്‍ജിനീയറിങ് കോളേജിനുള്ള അക്രെഡിറ്റേഷൻ റദ്ദാക്കിയതിനെ തുടര്‍ന്ന് പൊളിടെക്നിക് കോളേജ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം ഉടമയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam