Bus Charge Hike : സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന; തീരുമാനം നാളെ

By Web TeamFirst Published Apr 19, 2022, 8:19 PM IST
Highlights

ബസ് മിനിമം ചാർജ് പത്ത് രൂപയാകുമെന്നാണ് വ്യക്തമാകുന്നത്. ഓട്ടോ മിനിമം നിരക്ക് 30 ആകും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കാൻ നാളെ കമ്മീഷനെ വെക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനവിൽ  (Bus, Taxi, Auto Fare Hike) നാളെ തീരുമാനം. നാളെ ചേരുന്ന മന്ത്രി സഭായോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ നാളെ കമ്മീഷനെ വെക്കും. ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതൽ നിരക്ക് വർദ്ധന നിലവിൽ വരും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. എന്നാല്‍, വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ.

മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തുന്നത്. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോ മീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാർത്ഥികളുടെ നിരക്ക് ഉയർത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും, ഇത് അന്യായമെന്നും ഗതാഗത മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനാണ് എൽഡിഎഫ് യോഗത്തിൽ ഉണ്ടായ തീരുമാനം. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന്  30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക് ഉയർത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകൾ നിലവിൽ വരുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

വെയിറ്റിംഗ് ചാർജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോ മീറ്റർ ആക്കി ഉയർത്തി. സർക്കാർ തീരുമാനമെടുത്താൽ അത് എല്ലാവർക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നിരക്ക് വർദ്ധിക്കുന്നതിന് ആനുപാതികമായ വർദ്ധനവല്ല ഏർപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

click me!