
കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ് (മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷൻസ്) ടൂറിസത്തില്‍ കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അവസരങ്ങളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല. ഇത് കൈവരിക്കുന്നതിന് വ്യക്തമായ പദ്ധതികളും ദിശാരേഖയും സംസ്ഥാനത്തിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിച്ച രാജ്യത്തെ ആദ്യ വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തെ വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്‍റ 1.8 ശതമാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബൃഹദ് സമ്പദ് വ്യവസ്ഥയെന്ന നിലയ്ക്ക് വരും വര്‍ഷങ്ങളില്‍ ഇത് അഞ്ച് ശതമാനത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ അഞ്ച് ശതമാനത്തില്‍ കേരളത്തിന് ഗണ്യമായ സാധ്യതയുണ്ട്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് വെഡിംഗ് ആന്‍ഡ് മൈസ് മേഖലയില്‍ കേരളത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്.
സ്വത്വാധിഷ്ഠിത ടൂറിസത്തില്‍ നിന്ന് മൈസ് പോലുള്ള വൈവിധ്യമേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കേരളത്തിന്‍റെ തീരുമാനം ധീരമാണ്. രാജ്യത്തെ ടൂറിസം ഭൂപടത്തില്‍ കേരളത്തിലുള്ള സവിശേഷ സ്ഥാനം മൈസ് മേഖലയിലും കൈവരിക്കാന്‍ സാധിക്കണം. ഹരിത സൗഹൃദ നയപരിപാടികളും ഉത്തരവാദിത്ത ടൂറിസവും കേരളത്തിന് ആഗോള ടൂറിസം മേഖലയില്‍ മികച്ച പേര് നേടിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതോടൊപ്പം വിദേശ രാജ്യങ്ങളിലേക്കുള്ള മികച്ച ഗതാഗത സൗകര്യങ്ങളും മുതല്‍ക്കൂട്ടാണ്.
സിംഗപ്പൂര്‍, മലേഷ്യ, തായ്ലാന്‍റ് തുടങ്ങിയ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ വെഡിംഗ് മൈസ് ടൂറിസം സാധ്യതകള്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേതിനു സമാനമായി മൈസ് പ്രൊമോഷന്‍ ബ്യൂറോ പോലുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ നടപ്പില്‍ വരുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസത്തെ കേന്ദ്രീകരിച്ചുള്ള ആവാസവ്യവസ്ഥ രൂപീകരിക്കാന്‍ ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam