10 കോടി വരെ മുതൽമുടക്കുള്ള ബിസിനസിന് മുൻകൂർ അനുമതി വേണ്ട, ബിൽ പാസ്സായി

By Web TeamFirst Published Nov 21, 2019, 8:06 AM IST
Highlights
  • കേരളത്തിലെ വ്യവസായ നിക്ഷേപ അന്തരീക്ഷം കൂടുതല്‍ മികവുറ്റതാക്കാനാണ് ഉദാരമായ വ്യവസ്ഥകളുള്ള ബില്‍ കൊണ്ടുവന്നത്
  • കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായി ഇത് മാറുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുന്‍കൂര്‍ അനുമതി വാങ്ങാതെ 10 കോടി വരെ മുതല്‍ മുടക്കുളള വ്യവസായം തുടങ്ങാം. 'കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍-2019' നിയമസഭ പാസാക്കി. കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായി ഇത് മാറുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ വ്യവസായ നിക്ഷേപ അന്തരീക്ഷം കൂടുതല്‍ മികവുറ്റതാക്കാനാണ് ഉദാരമായ വ്യവസ്ഥകളുള്ള ബില്‍ കൊണ്ടുവന്നത്. ഇതിലൂടെ ഒരു ലൈസന്‍സും എടുക്കാതെ വ്യവസായം തുടങ്ങാനും മൂന്ന് വര്‍ഷത്തേയ്ക്ക് നടത്താനുമുള്ള സാഹചര്യമൊരുങ്ങി. ജില്ലാ തലത്തിലുള്ള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 
കൈപ്പറ്റ് രസീത് ലഭിച്ച് കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ സംരംഭം തുടങ്ങാം. മൂന്ന് വര്‍ഷ കാലാവധി അവസാനിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ നിയമപരമായി എടുക്കേണ്ട എല്ലാ ലൈസന്‍സുകളും എടുത്തിരിക്കണം. സാക്ഷ്യപത്രത്തിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

ലൈസന്‍സ് എടുക്കാതെ വ്യവസായ സ്ഥാപനം തുടങ്ങാമെന്ന് കേള്‍ക്കുമ്പോഴുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യവസായ മന്ത്രി വിശദീകരിച്ചു. പരിസ്ഥിതി മലിനീകരണം രൂക്ഷമാക്കുന്ന റെഡ് കാറ്റഗറി സംരംഭങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.. നെല്‍വയലുകള്‍ നികത്തി കെട്ടിടം പണിയാന്‍ പാടില്ല. തണ്ണീര്‍ത്തട സംരക്ഷണ നിയമം മറികടക്കാന്‍ കഴിയില്ല. ജി.എസ്.ടി, ഭക്ഷ്യ സുരക്ഷാ നിയമം, അളവ് തൂക്ക നിയമം തുടങ്ങിയവ അനുസരിക്കാന്‍ സംരംഭകര്‍ ബാധ്യസ്ഥരായിരിക്കും.

click me!