നൂതന സാങ്കേതിക വിദ്യ; നെതര്‍ലാന്‍റ്സുമായുള്ള കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി

By Web TeamFirst Published Feb 19, 2020, 4:35 PM IST
Highlights

സ്മാര്‍ട്ട് വില്ലേജസ്, വാട്ടര്‍ മാനേജ്മെന്‍റ്, പരിസ്ഥിതി, കന്നുകാലി സമ്പത്ത്, വിള സംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് നെതര്‍ലാന്‍റ്സുമായുള്ള സഹകരണം

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകളായ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ബിഗ് ഡാറ്റ, മെഷിന്‍ ലേണിംഗ് മുതലായവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതര്‍ലാന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് അപ്ലൈഡ് സയന്‍റിഫിക്ക് റിസര്‍ച്ചുമായി (ടി.എന്‍.ഒ) കേരളം കരാര്‍ ഒപ്പിടും. ഐടി വകുപ്പിനു കീഴിലുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വേര്‍ (ഐസി ഫോസ്) ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഫോര്‍ത്ത്കോഡ് നെതര്‍ലാന്‍റ്സുമായി സഹകരിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക. ധാരണാപത്രമനുസരിച്ച് സംസ്ഥാനത്ത് ഐഒടിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. സ്മാര്‍ട്ട് വില്ലേജസ്, വാട്ടര്‍ മാനേജ്മെന്‍റ്, പരിസ്ഥിതി, കന്നുകാലി സമ്പത്ത്, വിള സംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് നെതര്‍ലാന്‍റ്സുമായുള്ള സഹകരണം.

കഴിഞ്ഞ വർഷം നെതർലാന്‍റ്സ് സന്ദർശിച്ചപ്പോൾ ഈ കാര്യം ചർച്ച ചെയ്തിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന്റെ തുടർച്ചയായാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 24,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

സ്ത്രീകള്‍ക്കും പുരുഷൻമാർക്കുമായി ശുചിമുറി നിർമ്മാണത്തിന് മൂന്നു സെൻറ് ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. സർക്കാരിൻറെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമിയും ഇതിനായി വിനിയോഗിക്കും. സഹകരിക്കാൻ താൽപര്യമുള്ള ഏജൻസികളെയും പങ്കെടുപ്പിക്കും.

തിരുവനന്തപുരം നഗരത്തിഷ 24 മണിക്കൂറും സജീവമാകുന്ന നഗര കേന്ദ്രങ്ങള്‍തുടങ്ങാനും സർക്കാർ തീരുമാനിച്ചു. നഗരസഭ കണ്ടെത്തുന്ന സ്ഥലത്ത് 24 മണിക്കൂറും കച്ചവട സ്ഥാപനങ്ങള്‍ പ്രവർത്തിക്കും. മറ്റ് പ്രധാന നഗരങ്ങളിലും 2020 ഏപ്രിൽ ആരംഭിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

click me!