
ഇടുക്കി: അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് ഇടുക്കി വണ്ണപ്പുറത്തെ ഇടത് സ്ഥാനാർത്ഥി. സിപിഎം സ്ഥാനാർത്ഥി ലിജോ ജോസാണ് വോട്ട് ചോദിച്ചെത്തിയ സമയത്ത് അസഭ്യം പറഞ്ഞത്. അങ്കണവാടിയിൽ കുട്ടികൾ ഉള്ളപ്പോഴാണ് സംഭവം. വണ്ണപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് സ്ഥാനാർത്ഥിയാണ് ലിജോ ജോസ്. അങ്കണവാടി ഹെൽപ്പർ നബീസയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഇവർ കാളിയാർ പൊലീസിൽ പരാതി നൽകി. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു.
"ഉച്ചയ്ക്ക് ഒരു മണിക്കാണ് ലിജോ ജോസ് അങ്കണവാടിയിൽ എത്തിയത്. നേരത്തെ എന്‍റെ വോട്ട് വെട്ടിയതിനെതിരെ ഞാൻ ലിജോയോട് പറഞ്ഞിരുന്നു. നീ എന്‍റെ വോട്ട് വെട്ടി, പിന്നെയെങ്ങനെ വോട്ട് ചെയ്യുമെന്ന് ചോദിച്ചു. ഇന്നലെ ഇവിടെ വന്നപ്പോൾ നിന്‍റെ വോട്ട് എനിക്ക് വേണ്ട, ആർക്കാണെന്ന് വച്ചാൽ കൊടുത്തോ എന്ന് എന്നോട് പറഞ്ഞു. എന്‍റെ വ്യക്തിപരമായ കാര്യമല്ലേ വോട്ട്, അതിൽ ഇടപെടേണ്ടെന്ന് ഞാനും പറഞ്ഞു. അപ്പോഴാണ് എന്നെ അസഭ്യം പറഞ്ഞത്. അവസാനം ഞാൻ വർഗീയവാദിയാണ്, ലീഗിന്‍റെ ആളാണ്, പിഡിപിയുടെ ആളാണ് എന്നെല്ലാം പറഞ്ഞു. അംഗണവാടിയിലെ കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ഇത്. ഞാൻ പരാതി കൊടുത്തിട്ടുണ്ട്"
അതേസമയം സിപിഎം ഇതുവരെ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല. വീഡിയോ പരിശോധിച്ച് അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കാളികാവ് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam