അമിതവേഗം: കാര്‍ ഇടിച്ച് തെറിപ്പിച്ചത് നാല് വിദ്യാര്‍ത്ഥിനികളെ അടക്കം ആറുപേരെ- വീഡിയോ

By Web TeamFirst Published Mar 10, 2020, 4:43 PM IST
Highlights

ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാര്‍ ഇടിച്ച് തെറുപ്പിച്ചത്.  ശ്രീകണ്ഠേശ്വരം  സ്കൂളിലെ അനഘ, ചന്ദന, അര്‍ച്ചന, മാഗി എന്നീ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. 

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ സ്‍കൂള്‍ വിദ്യാർഥിനികൾ ഉൾപ്പെടെ ആറുപേരെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. നാല് പെൺകുട്ടികൾക്ക് ഗുരുതര പരിക്കുണ്ട്. കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഓരേ കാറിടച്ച് ആറുപേർക്ക് പരിക്കേറ്റത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാർഥിനികളായ ചന്ദന, അ‍ർച്ചന, സാഗി എന്നിവരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേർ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളിൽ  വരുമ്പോഴാണ് നാലാമത്തെ കുട്ടി അനഘയെ ഇടിച്ചത്.

വിദ്യാർഥിനികളെ ഇടിക്കും മുൻപ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച പൂച്ചാക്കൽ സ്വദേശി അനീഷിനെയും നാലു വയസുള്ള മകനെയും കാർ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാർ മരത്തിലിടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന പൂച്ചാക്കൽ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവർക്കും ഗുരുതരപരിക്കുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!