
പത്തനംതിട്ട: അടൂർ പറക്കോട് വൃദ്ധനെ മർദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് പൊലീസ് മക്കള്‍ക്കെതിരെ കേസെടുത്തു. മർദ്ദനത്തിൽ പരിക്കുപറ്റിയ ജോർജ്ജിനെ അടൂരിലെ മഹാത്മ വൃദ്ധസദനത്തിലേക്ക് മാറ്റി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.
കഴിഞ്ഞ ദിവസമാണ് തലക്ക് മുറിവേറ്റ് അവശനായ വൃദ്ധനെ വാർഡ് കൗൺസിലറും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. മരുമകള്‍ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്ന് ജോർജ്ജ് പൊലീസിനോട് പറഞ്ഞെങ്കിലും ആദ്യം കേസെടുത്തില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടി ഇടപെട്ടതിനെ തുടർന്ന് വൃദ്ധസദനത്തില്‍ കഴിയുന്ന ജോർജ്ജിനെ പൊലീസ് നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തുകയായിരുന്നു.
മക്കള്‍ക്ക് എതിരെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കാത്തതിനും വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനും അടൂർ പൊലീസ് കേസെടുത്തു. തന്റെ ആറ് മക്കൾ ചേർന്ന് 75 സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്തുവെന്നും മക്കളും മരുമക്കളും ചേർന്ന് ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും ജോർജ്ജ് പൊലീസിനെ അറിയിച്ചു. അടൂർ ആർഡിഒയുടെ നിർദ്ദേശപ്രകാരം സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥർ വൃദ്ധസദനത്തില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
മക്കള്‍ മർദ്ദിക്കുന്നതിനാലും ഭക്ഷണം നല്‍കാത്തതിനാലും വീട്ടിലേക്ക് മടങ്ങാൻ താല്പര്യം ഇല്ലന്ന് ജോർജ്ജ് പൊലീസിനോടും സാമൂഹ്യനീതി വകുപ്പിനോടും പറഞ്ഞു. തലക്ക് പരുക്ക് പറ്റിയ ജോർജ് ക്ഷീണിതനാണ്. വേണ്ടിവന്നാല്‍ കൂടുതല്‍ ചികിത്സക്കായി ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനും സാമുഹ്യനീതി വകുപ്പ് ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam