
ഇടുക്കി: തൊടുപുഴയിൽ പെൺകുട്ടിയും സുഹൃത്തും സംസാരിച്ചു നിന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. പെൺകുട്ടിയുടെ സുഹൃത്തും അച്ഛൻകാനം സ്വദേശിയുമായ വിനു, കുത്തേറ്റ മലങ്കര സ്വദേശി ലിബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന പ്രതികളുടെ അറസ്റ്റ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയ ശേഷം രേഖപ്പെടുത്തും.
സംഘർഷത്തിനിടയിൽ വിനുവാണ് ലിബിനെ കുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിനുവിന്റെ തലക്ക് കല്ലുകൊണ്ടുള്ള ഇടിയേറ്റിട്ടുണ്ട്. ലിബിനാണ് ഇത് ചെയ്തതെന്ന് വിനു മൊഴി നൽകി. സംഭവത്തിൽ പെൺകുട്ടിയുടെയും പരുക്കേറ്റ നാലുപേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും സംസാരിച്ചു നിന്നത് ചോദ്യം ചെയ്യാനെത്തിയ സംഘത്തിലൊരാൾ തന്റെ കയ്യിൽ കടന്നു പിടിച്ചതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞ ശേഷം പോക്സോ നിയമ പ്രകാരമുള്ള വകുപ്പ് ചുമത്തും.
ലിബിൻ കോലഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലും വിനു, അനന്തു, ശ്യാംലാൽ എന്നിവർ തൊടുപുഴ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. പെൺകുട്ടിക്ക് വൈദ്യ പരിശോധന നടത്തിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. പെൺകുട്ടിയുടെ അയൽവാസിയാണ് കുത്തേറ്റ ലിബിൻ.
എന്നാൽ, സംഭവത്തിൽ സദാചാര ഗുണ്ടായിസം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നു മണിയോടെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പെൺകുട്ടിയും സുഹൃത്തും സംസാരിച്ചു നിൽക്കുന്നത് കണ്ട മൂന്നംഗ സംഘം ഇതു ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam